വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരും പൊലിസും തമ്മില്‍ സംഘര്‍ഷം: എസ്.ഐയെ വളഞ്ഞിട്ട് മര്‍ദിച്ചു
തിരുവനന്തപുരം: വഞ്ചിയൂര്‍ ജില്ലാ കോടതിയില്‍ അഭിഭാഷകരും പൊലിസും തമ്മില്‍ സംഘര്‍ഷം. അക്രമാസക്തരായ അഭിഭാഷകര്‍ വിഴിഞ്ഞം പോര്‍ട്ട് സ്റ്റേഷനിലെ എസ്.ഐ അശോക് കുമാറിനെ വളഞ്ഞിട്ടു മര്‍ദിച്ചു. നേരത്തേ ഒരു അഭിഭാഷകനെ പ്രതിയാക്കി കേസ് എടുത്തതാണ് പ്രകോപന കാരണമെന്ന് പൊലിസ് പറയുന്നു. കോടതിയില്‍ ഹാജരായ ശേഷം മടങ്ങവേയാണ് എസ്.ഐക്ക് മര്‍ദനമേറ്റത്.
ഇത് സംബന്ധിച്ച് പൊലിസ് പറയുന്നത്. വഞ്ചിയൂര്‍ ബാറിലെ അഭിഭാഷകനായ വള്ളക്കടവ് സ്വദേശി മുരളീധരനെതിരേ പൊതുസ്ഥലത്ത് മദ്യപിച്ചതിന് കഴിഞ്ഞ മാര്‍ച്ചില്‍ ഫോര്‍ട്ട് പൊലിസ് കേസെടുത്തിരുന്നു. അന്ന് ഫോര്‍ട്ട് സ്റ്റേഷനിലുണ്ടായിരുന്ന അശോക് കുമാറാണ് ഇവരെ രാത്രി കിഴക്കേക്കോട്ടയില്‍ നിന്ന് പിടികൂടിയത്. അഭിഭാഷകന് പുറമെ സുഹൃത്തുക്കളായ മണികണ്ഠന്‍, ബാബുരാജ് എന്നിവരും കേസിലെ പ്രതികളാണ്. ഇത് കള്ളക്കേസാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ കോടതിയെ സമീപിച്ചു. ഇതിനിടെ അശോക് കുമാര്‍ വിഴിഞ്ഞം പോര്‍ട്ട് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റപ്പെട്ടു. മറ്റൊരു കേസില്‍ മൊഴികൊടുക്കുന്നതിനുവേണ്ടിയാണ് വ്യാഴാഴ്ച കോടതിയില്‍ എത്തിയത്. എസ്.ഐയെ തിരിച്ചറിഞ്ഞ അഭിഭാഷകര്‍ പിന്തുടര്‍ന്നു.
അക്രമിക്കുമെന്നായപ്പോള്‍ ജില്ലാ കോടതിയില്‍ അഭയം തേടി. പബ്ലിക്ക് പ്രോസിക്യട്ടറോട് അഭിഭാഷകര്‍ അക്രമിക്കാനിടയുണ്ടെന്ന് അറിയിച്ചു. വഞ്ചിയൂര്‍ സ്റ്റേഷനിലും വിവരം കൈമാറി. ഇതറിഞ്ഞ ജഡ്ജി എസ്.ഐയെ സുരക്ഷിതമായി കോടതിക്ക് പുറത്തെത്തിക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ പൊലിസ് ജീപ്പിലേക്ക് മാറ്റുന്നതിനിടെ കൂടി നിന്ന അഭിഭാഷകര്‍ മര്‍ദിക്കുകയായിരുന്നു. അതേ സമയം മര്‍ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അഭിഭാഷകര്‍ പറയുന്നു.
ആക്രമിക്കുമെന്ന് ഭയന്ന് കോടതിക്കുള്ളില്‍ അഭയം തേടിയ എസ്.ഐയെ സുരക്ഷിതമായി പൊലിസിന് കൈമാറുകയായിരുന്നുവെന്നാണ് അഭിഭാഷകര്‍ പറയുന്നത്. കോടതിയിലെത്തിയ എസ്.ഐയെ അഭിഭാഷകര്‍ പിന്തുടര്‍ന്നിരുന്നില്ല. ആക്രമിക്കപ്പെടുമെന്നത് എസ്.ഐയുടെ സംശയമായിരുന്നുവെന്നും അവര്‍ പറയുന്നു. ജില്ലാ കോടതിയില്‍ അഭയം തേടിയ എസ്.ഐയെ ഗവണ്‍മെന്റ് പ്ലീഡറുടെ നേതൃത്വത്തിലാണ് പുറത്തെത്തിച്ചത്.
ഈ സമയം മുതിര്‍ന്നഅഭിഭാഷകര്‍ ചുറ്റും നിന്ന് സംരക്ഷണം നല്‍കുകയും ചെയ്തുവെന്ന് അഭിഭാഷകര്‍ പറയുന്നു. എസ്.ഐ അശോക് കുമാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."