വിക്ടറും മകനും അതിക്രൂരരായ കുറ്റവാളികള്‍: കൂടുതല്‍ പീഡനകഥകള്‍ പുറത്ത്
കൊല്ലം: കുണ്ടറ പീഡനക്കേസിലെ പ്രതി ഞണ്ട് വിക്ടര്‍ അതിക്രൂരനായ കുറ്റവാളിയെന്നതിന് കൂടുതല്‍ തെളിവുകള്‍. പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച പേരക്കുട്ടിയെയും ഇയാള്‍ പുറത്തുകൊണ്ടുപോയി ദുരുപയോഗം ചെയ്തതായി സൂചനയുണ്ട്. ലൈംഗികാസക്തി ഏറെയുള്ള ഇയാള്‍ നിരവധിപേരെ ലൈംഗിക ചൂഷണത്തിനിരയാക്കിയിട്ടുള്ളതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.
എന്നാല്‍ പീഡന വിവരം പുറത്തുപറഞ്ഞാല്‍ കുടുംബത്തെ അടക്കം കൊന്നുകളയുമെന്ന ഭീഷണിയില്‍ പലരും ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞിരുന്നില്ല. വിക്ടര്‍ പിടിയിലായ വിവരം അറിഞ്ഞതോടെയാണ് ഇയാള്‍ നടത്തിയ കൊടിയ അതിക്രമങ്ങളുടെയും ലൈംഗിക പീഡനങ്ങളുടെയും ചുരുളഴിയുന്നത്. ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വിക്ടര്‍ ആദ്യകാലത്ത് കയര്‍ വ്യാപാരം നടത്തിവരികയായിരുന്നു. അന്ന് പരസ്ത്രീ ബന്ധവുമായി നടന്നിരുന്ന വിക്ടര്‍, അതിനിടെ പരിചയപ്പെട്ട സ്ത്രീയെയാണ് വിവാഹം കഴിച്ചത്. മരിച്ച പെണ്‍കുട്ടിയുടെ അമ്മ മൂത്തമകളും ഷിബു ഇളയ മകനുമാണ്. പ്രാഥമിക വിദ്യാഭാസത്തിന് ശേഷം മകളെ വിവാഹം കഴിപ്പിച്ചയക്കുകയായിരുന്നു. മകനെ ബി.എസ്.സി നഴ്‌സിങ് പഠനത്തിനായി ബാംഗ്ലൂരിലും അയച്ചു. ഇതിനിടെയാണ് ഇയാള്‍ വക്കീല്‍ ഗുമസ്തന്‍ ജോലിയില്‍ പ്രവേശിക്കുന്നത്. പിതാവും മകന്‍ ഷിബുവും ചേര്‍ന്നാല്‍ നാട്ടില്‍ എന്തു കുറ്റകൃത്യവും ചെയ്യാന്‍ യാതൊരു മടിയുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വിക്ടറിന്റെ എല്ലാ കൊള്ളരുതായ്മയ്കള്‍ക്കും കൂട്ടുനില്‍ക്കാന്‍ വേണ്ടി വളര്‍ത്തിയ ഗുണ്ടയാണ് മകന്‍ ഷിബുവെന്നാണ് നാട്ടിലെ സംസാരം. ഷിബു സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഷിബുവിനെ മര്‍ദ്ദിച്ച സഹപാഠിയെ തടഞ്ഞുനിര്‍ത്തി ജനനേന്ദ്രിയം കടിച്ചു മുറിപ്പിച്ച സംഭവം ഉണ്ടായിരുന്നു. അന്ന് മുതല്‍ ഷിബു ക്രിമിനല്‍ സ്വഭാവമുള്ള ആളായി മാറുകയായിരുന്നു. ബി.എസ്.സി നഴ്‌സിങ് പഠിക്കാന്‍ ഷിബു ബാംഗ്ലൂരില്‍ പോയിരുന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. പിന്നീട് തിരിച്ചു വന്ന് എറണാകുളത്തുള്ള ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിക്ടറിനൊപ്പം ചേര്‍ന്ന് ഇയാള്‍ അക്രമങ്ങളും കൂട്ടിക്കൊടുപ്പുകളുമായി ജീവിച്ച് വരികയായിരുന്നു. ഇയാളുടെ പക്കല്‍ നാടന്‍ തോക്കും മാരകായുധങ്ങളും ഉള്ളതായി അടുത്ത ബന്ധുക്കള്‍ പറയുന്നു. 2007ല്‍ വിക്ടറിന്റെ അമ്മയുടെ അനിയത്തിയുടെ മകനെയും വെള്ളിമണ്‍ സ്വദേശിയായ ആന്റണി എന്നയാളേയും വെട്ടിപ്പരുക്കേല്‍പ്പിച്ചിട്ടുണ്ട്.
വക്കീല്‍ ഗുമസ്തന്‍ ജോലിക്ക് പുറമേ കൊല്ലം പായിക്കടയിലുള്ള ഒരു ലോഡ്ജിന്റെ മാനേജര്‍ കൂടിയായിരുന്നു വിക്ടര്‍. ഇവിടെ ഏറെയും അനാശാസ്യ പ്രവര്‍ത്തനങ്ങളായിരുന്നു നടത്തി വന്നിരുന്നത്. നിരവധി പെണ്‍കുട്ടികളെ വലവീശി പിടിച്ചും ഭീഷണിപ്പെടുത്തിയും ഇവിടെയെത്തിച്ച് പല പ്രമുഖര്‍ക്കും ഇയാള്‍ കാഴ്ചവച്ചിട്ടുണ്ട്. ഇതിന്റെ നന്ദി സൂചകമായിരുന്നു കുണ്ടറ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയായി പൊലിസ് എഴുതിത്തള്ളിയത്. വിക്ടറിന്റെ അയല്‍വീട്ടിലെ പെണ്‍കുട്ടിയെ തന്റെ വരുതിയിലെത്തിക്കാന്‍ കഴിയാത്തതിന്റെ പകയിലാണ് പതിനാലുകാരനെ ഇയാള്‍ കൊലപ്പെടുത്തിയതെന്ന് മാതാവ് ആരോപിക്കുന്നു. ഇയാള്‍ മകളുടെ പേരില്‍ ലക്ഷക്കണക്കിനു രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. ജീവിക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും ബുദ്ധിമുട്ടുണ്ടാകില്ലെന്നു പറഞ്ഞ് വിശ്വസിപ്പിച്ചിട്ടാണ് കുറ്റകൃത്യങ്ങള്‍ മൂടിവയ്ക്കാന്‍ ഇവരെ ഒപ്പം നിര്‍ത്തിയിരുന്നത്. വിക്ടറിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ പല നിര്‍ണായക വെളിപ്പെടുത്തലുകളും ഉണ്ടായേക്കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."