വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം പതിവാക്കിയ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍
പെരുമ്പാവൂര്‍: ചെമ്പറക്കി വാഴക്കുളം മേഖലകളിലെ കടകള്‍ കുത്തിതുറന്ന് ഒരു മാസത്തിനിടെ നിരവധി കളവ് നടത്തി വ്യാപാരികള്‍ക്കും പൊലിസിനും തലവേദനയുണ്ടാക്കിയിരുന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ഒഡീഷ കന്തമാള്‍ സ്വദേശി അജയ് പ്രതാപ് (19) ആണ് തടിയിട്ടപറമ്പ് പൊലിസിന്റെ പിടിയിലായത്. വാഴക്കുളത്ത് ഒരു വ്യാപാര സ്ഥാപനത്തില്‍ മോഷണശ്രമത്തിനിടെ പൊലിസിന്റെ രാത്രികാല പട്രോളിങ്ങില്‍ പൂട്ടുപൊളിക്കുവാനുള്ള ഇരുമ്പുകമ്പിയുമായി ഇയാള്‍ പിടിയിലാകുകയായിരുന്നു. കൈവശമുണ്ടായിരുന്ന ആയുധവുമായി ഇയാള്‍ പൊലിസിനെ എതിരിടാന്‍ ശ്രമിച്ചിരുന്നു. വിശദമായി പ്രതിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മോഷണവിവരങ്ങള്‍ പുറത്തുവന്നത്.
ഞായറാഴ്ച പുലര്‍ച്ചെ ചെമ്പറക്കിയിലെ പലചരക്ക് കട കുത്തിത്തുറന്ന് രണ്ട് ചാക്ക് അരി, സവാള, കിഴങ്ങ്, പാം ഓയില്‍ തുടങ്ങിയവ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. ചെമ്പറക്കിയില്‍ പൂട്ടിയിട്ടിരുന്ന കമ്പനിയിലെ ഇയാള്‍ താമസിച്ചു വന്നിരുന്ന ചെറിയ ഷെഡിനകത്തു നിന്നും പല കളവു മുതലും കണ്ടടുത്തു. ഇയാള്‍ ജോലിക്ക് നിന്നിരുന്ന സ്ഥലങ്ങളില്‍ നിന്ന് വിലപിടിച്ച സാധനങ്ങള്‍ കവര്‍ന്ന് മുങ്ങുന്ന പതിവുകാരനായിരുന്നു പ്രതിയെന്ന് തടിയിട്ട പറമ്പ് എസ്.ഐ പി.എം ഷമീര്‍ പറഞ്ഞു. പ്രതിയെ പിടികൂടിയ സംഘത്തില്‍ എ.എസ്.ഐമാരായ എല്‍ദോ, ജബ്ബാര്‍. എസ്., സി.പി.ഓമാരായ അബൂബക്കര്‍, അനസ്, സി.പി.ഓ സുബീര്‍, സജില്‍ എന്നിവരുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."