ആലുവ നഗരത്തില്‍ തിരക്കുള്ള സമയത്ത് ഭാരമിറക്കുന്ന വാഹനങ്ങള്‍ തടയണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: ആലുവ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ കാരോത്തുകുഴി മുതല്‍ മാര്‍ക്കറ്റ് വരെയുള്ള ഭാഗത്ത് രാവിലെ എട്ടര മുതല്‍ പത്തരവരെയും വൈകിട്ട് മൂന്നര മുതല്‍ ആറ് വരെയും ലോഡുകള്‍ കയറ്റുന്നതും ഇറക്കുന്നതും കര്‍ശനമായി നിരോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കാരോത്തുകുഴി കവലയിലും മാര്‍ക്കറ്റ് ഭാഗത്തും അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
കാരോത്തുകുഴി കവലയില്‍ നിന്നും വടക്കോട്ട് പോകുന്ന ഭാര വാഹനങ്ങള്‍ മാര്‍ക്കറ്റ് ഭാഗത്ത് പ്രവേശിക്കാതെ പുളിഞ്ചോട് കവലയില്‍ നിന്നും ദേശീയ പാത വഴി വടക്കോട്ട് പോകണം.
പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും സുഗമമായ സഞ്ചാരത്തിനായി ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണം. നഗരത്തിലെ റോഡുകളുടെ വികസനത്തിനും അറ്റകുറ്റപണികള്‍ക്കുമായി സമഗ്രമായ പദ്ധതി എത്രയും വേഗം നടപ്പിലാക്കണമെന്നും ആലുവ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.
സാമൂഹ്യപ്രവര്‍ത്തകനായ ഖാലിദ് മുണ്ടപ്പിള്ളിയും ആലുവ നഗരസഭ കൗണ്‍സിലര്‍ കെ.വി സരളയും നല്‍കിയ പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."