ഏകദിനം: ഇന്ത്യ ബി ടീമിന് വിജയം
വിശാഖപട്ടണം: ഇന്ത്യ എ ടീമും ഇന്ത്യ ബി ടീമും തമ്മിലുള്ള ഏകദിന പോരാട്ടത്തില്‍ ഇന്ത്യ ബി ടീമിനു വിജയം. 23 റണ്‍സിനാണു ബി ടീം വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ബി ടീം നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ എ ടീം 48.2 ഓവറില്‍ 304 റണ്‍സില്‍ പൊരുതി വീണു.
ഹാട്രിക്ക് വിക്കറ്റുകള്‍ നേടിയ ധവാല്‍ കുല്‍ക്കര്‍ണിയുടെ അവസാന ഓവറാണു ഇന്ത്യ എ ടീമിന്റെ വിജയം തടഞ്ഞത്. ധവാല്‍ കുല്‍ക്കര്‍ണിയും അക്ഷയ് കര്ണെവറും മൂന്നു വീതം വിക്കറ്റുകളും ഖെജ്രോലിയ, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി. ഇന്ത്യ എ ടീമിനായി അമ്പാട്ടി റായിഡു 92 റണ്‍സും ദീപക് ഹൂഡ 46ഉം റണ്‍സെടുത്തു. മനോജ് തിവാരി (37), മയാങ്ക് അഗര്‍വാള്‍ (34) എന്നിവരും തിളങ്ങി. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹര്ഭജന് സിങാണു ഇന്ത്യ എ ടീമിനെ നയിച്ചത്.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ എ ടീമിന്റെ തീരുമാനം തെറ്റായിരുന്നുവെന്നു ഇന്ത്യ ബി ഓപണര്‍മാര്‍ തെളിയിച്ചു. ബി ടീം നായകന് പാര്‍ഥിവ് പട്ടേലും ശിഖര്‍ ധവാനും ചേര്‍ന്ന ഓപണിങ് സഖ്യം അവര്‍ക്കു മികച്ച തുടക്കമാണു നല്‍കിയത്. ധവാന് സെഞ്ച്വറി നേടിയപ്പോള്‍ പാര്‍ഥിവ് പട്ടേല്‍ 50 റണ്‍സില്‍ പുറത്തായി. 122 പന്തില്‍ 128 റണ്‍സാണു ധവാന് കണ്ടെത്തിയത്. ഇരുവരും ചേര്‍ന്ന ഓപണിങ് കൂട്ടുകെട്ട് 93 റണ്‍സ് കൂട്ടിച്ചേര്‍ത്താണു പിരിഞ്ഞത്. നാലാമനായി ക്രീസിലെത്തിയ ഇഷാന്ത് ജഗ്ഗിയും അര്‍ധ സെഞ്ച്വറി (53) നേടി. ഇന്ത്യ എ ടീമിനായി സിദ്ധാര്‍ഥ് കൗള്‍ അഞ്ചു വിക്കറ്റുകള്‍ പിഴുതു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."