അധ്യാപകരില്ല; രാരോത്ത് ഗവ. ഹൈസ്‌കൂള്‍ പ്രവര്‍ത്തനം അവതാളത്തില്‍
താമരശ്ശേരി: ആവശ്യത്തിന് അധ്യാപകരില്ലാത്തതിനാല്‍ രാരോത്ത് ഗവ. ഹൈസ്‌കൂളിന്റെ പ്രവര്‍ത്തനം അവതാളത്തിലായതായി പി.ടി.എ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒന്‍പതു ഡിവിഷനുകളിലായി 358 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. ഹെഡ്മാസ്റ്റര്‍ക്ക് പുറമെ ഫിസിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങള്‍ക്ക് ഓരോ പ്രൊട്ടക്ടഡ് അധ്യാപകരെ മാത്രമാണ് ഇതുവരെ വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിട്ടുള്ളത്. മറ്റു ഒന്‍പതോളം അധ്യാപകര്‍ക്കുള്ള വേതനം പി.ടി.എ കമ്മിറ്റി നല്‍കേണ്ട സാഹചര്യമാണുള്ളത്. ഇതിനാല്‍ മാസം തോറും അരലക്ഷം രൂപയോളം പി.ടി.എ കമ്മിറ്റിക്ക് ബാധ്യത വരുന്നുണ്ട്. രക്ഷിതാക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും പിരിവെടുത്താണ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും എസ്.എസ്.എല്‍.സിക്ക് നൂറുശതമാനം വിജയം നേടിയ വിദ്യാലയത്തിന്റെ പരിതാപകരമായ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ അധികാരികള്‍ സത്വരനപടി സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
2013ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആര്‍.എം.എസ്.എ പദ്ധതി പ്രകാരമാണ് താമരശ്ശേരിക്കടുത്ത പരപ്പന്‍പൊയിലില്‍ രാരോത്ത് യു.പി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തിയത്. ജോലി ചെയ്യാതെ ശമ്പളം പറ്റുന്ന നൂറോളം പ്രൊട്ടക്ടഡ് അധ്യാപകര്‍ ജില്ലയിലുള്ളപ്പോഴാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപകരില്ലാതെ വിദ്യാര്‍ഥികള്‍ വലയുന്നത്. ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ലെങ്കില്‍ വിദ്യാഭ്യാസ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് മറ്റു ശക്തമായ സമര പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്റ് കെ.സി മാമു മാസ്റ്റര്‍, ജില്ലാ പഞ്ചായത്തംഗം എം.എ ഗഫൂര്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്തംഗം എ.പി ഉസൈന്‍, പി.ടി.എ വൈസ് പ്രസിഡന്റ് സി. മുഹ്‌സിന്‍, എ.പി മൂസ, വത്സന്‍ മേടോത്ത്, കെ. കൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."