അറവിലകത്ത് റെയില്‍വേ അടിപ്പാത നിര്‍മാണം റെയില്‍വേയുടെ പച്ചക്കൊടി
മാഹി: മാഹിയില്‍ നിന്നു പളളൂരിലേക്കെത്താനുള്ള എളുപ്പവഴിയായ അറവിലകത്ത് റെയില്‍വെ അടിപ്പാത യാഥാര്‍ഥ്യമാകുന്നു. ഇതു സംബന്ധിച്ച് മാഹി എം.എല്‍.എ ഡോ.വി രാമചന്ദ്രന്‍ പാലക്കാട് റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ നരേഷ് ലാല്‍വാനിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പദ്ധതിക്ക് പച്ചക്കൊടി.
അടിപ്പാതയുടെ പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്നതിനായി സെന്റേജ് ചാര്‍ജ് അഞ്ചു ലക്ഷത്തോളം രൂപ മുന്‍കൂര്‍ അടക്കാന്‍ നേരത്തെ റെയില്‍വെ അധികൃതര്‍ മാഹി നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് നിര്‍മാണച്ചെലവിനായി രണ്ട് കോടി 39 ലക്ഷത്തോളം രൂപയും അടക്കണം. ഇരുപതു വര്‍ഷമായി ഇതിനായി പ്രവര്‍ത്തിച്ചു വരുന്ന കര്‍മസമിതി ഒട്ടേറെത്തവണ വിവിധ പുതുച്ചേരി മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എല്‍.എ, എം.പി എന്നിവരുമായി ബന്ധപ്പെട്ടെങ്കിലും സെന്റേജ് ചാര്‍ജ് അടക്കാന്‍ പോലും നടപടിയുണ്ടാവാതെ അടിപ്പാത നിര്‍മാണം അനിശ്ചിതത്വത്തിലാവുകയായിരുന്നു. കഴിഞ്ഞ ദിവസം എം.എല്‍.എയുമായി നടത്തിയ ചര്‍ച്ചയില്‍ എം.എല്‍.എയോ എം.പി.യോ ആവശ്യപ്പെടുന്ന പദ്ധതിക്ക് ഈ തുക അടക്കേണ്ടതില്ലെന്ന് ഡി.ആര്‍.എം വ്യക്തമാക്കി. ഇതനുസരിച്ച് നേരത്തെ നിശ്ചയിച്ച ഉയര്‍ന്ന നിര്‍മാണച്ചെലവും പദ്ധതിക്ക് ആവശ്യമില്ലെന്ന് വ്യക്തമായി. അടിപ്പാത നിര്‍മാണത്തിന് ഒരു കോടിയോളം രൂപയാണ് ഏതാണ്ട് ചെലവ് പ്രതീക്ഷിക്കുന്നത്. പ്ലാനും എസ്റ്റിമേറ്റും തയ്യാറായാലുടന്‍ ഈ തുക റെയില്‍വെക്ക് അടക്കണം. റെയില്‍വെ അടിപ്പാത കര്‍മസമിതി ഭാരവാഹികളായ എഡോളില്‍ കുമാരന്‍, ടി.കെ ഗംഗാധരന്‍ എന്നിവരും ഡി.ആര്‍.എമ്മുമായായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."