മോദിയുടെ അഞ്ചാം വര്‍ഷവും ജനാധിപത്യത്തിന്റെ ഭാവിയും
നരേന്ദ്രമോദി സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തീകരിച്ച് അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. കര്‍ണാടക തെരഞ്ഞെടുപ്പോടുകൂടി ജനാധിപത്യത്തെ ബി.ജെ.പി കശാപ്പു ചെയ്യുന്നവിധം നമുക്ക് ബോധ്യപ്പെട്ടതാണ്. സംസ്ഥാനങ്ങളില്‍ ഭരണം കൈക്കലാക്കാന്‍ വേണ്ടി ഏതറ്റം വരെയും ബി.ജെ.പി പോകുമെന്നതിന് മോദിക്കാലത്ത് നടന്ന പലസംസ്ഥാന തെരഞ്ഞെടുപ്പുകളും പാഠമാണ് . നിയമസംവിധാനങ്ങളെ സേച്ഛാധിപത്യത്തിന്റെ ഉരുക്കുമുഷ്ടികളില്‍ ഒതുക്കാന്‍ തന്നാലാവും വിധം പരിശ്രമിച്ച് പരിഹാസ്യനാകുകയാണ് നമ്മുടെ പ്രധാനമന്ത്രി.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ എക്‌സിക്യൂട്ടീവ് പാര്‍ലമെന്റിനു വിധേയമായിരിക്കണം എന്നതാണ് ശരിയായി രീതി. ജനാധിപത്യപരമായ ഈ കീഴ്‌വഴക്കവും തനിക്കു ബാധകമല്ലെന്ന മട്ടിലാണ് മോദിയുടെ നടപടികള്‍. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോഴോ പ്രധാനമന്ത്രിയായി ഇക്കഴിഞ്ഞ നാലു വര്‍ഷത്തിനിടയിലോ ഒരിക്കല്‍പോലും മോദി നിയമ നിര്‍മാണസഭയിലെ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കു വഴങ്ങാന്‍, ഉത്തരം നല്‍കാന്‍ തയാറായിട്ടില്ല.
ജനാധിപത്യത്തില്‍ പാര്‍ലമെന്റിന്റെ ശാന്തമായ നടത്തിപ്പ്, അതിനായി പ്രതിപക്ഷവുമായി അനുരഞ്ജനപരമായ നിലപാട് സ്വീകരിച്ച് വേണ്ട അന്തരീക്ഷമൊരുക്കുന്നത് ഭരണകക്ഷിയുടെ ബാധ്യതയാണ്. ആ ബാധ്യതയാണ് ബി.ജെ.പി ഇന്ന് നിറവേറ്റാതിരിക്കുന്നത്. മാത്രമല്ല, ഭരണകക്ഷി തന്നെ സഭാ നടപടികള്‍ സ്തംഭിപ്പിക്കുകയോ അതിനായി പിന്നില്‍നിന്നു ചരടുവലി നടത്തുകയോ ചെയ്യുന്നതും ഈ ബി.ജെ.പി ഭരണകാലത്ത് സാര്‍വത്രികമായിരിക്കുകയാണ്.
ഈ ദശാബ്ദത്തില്‍ ഏറ്റവും കാര്യക്ഷമത കുറഞ്ഞ ബജറ്റ് സമ്മേളനമാണു സമാപിച്ചത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ലോക്‌സഭ പ്രവര്‍ത്തിച്ചത് ആകെ സമയത്തിന്റെ നാലു ശതമാനം മാത്രമായിരുന്നു. രാജ്യസഭയുടെ എട്ടു ശതമാനം സമയം ഫലപ്രദമായെന്നാണു കണക്ക്. സമ്മേളനത്തില്‍ മൊത്തം 250 മണിക്കൂര്‍ പാഴായി. ലോക്‌സഭയിലും രാജ്യസഭയിലുമായി ഇപ്പോള്‍ 784 അംഗങ്ങള്‍. ഇതു കണക്കാക്കുമ്പോള്‍ എം.പിമാരുടെ സമയത്തില്‍ 1.96 ലക്ഷം മണിക്കൂര്‍ നഷ്ടം. പാര്‍ലമെന്റ് ഒരു മണിക്കൂര്‍ സമ്മേളിക്കാന്‍ ചെലവ് 1.56 കോടി രൂപ. 250 മണിക്കൂറില്‍ നഷ്ടം 390 കോടിരൂപ. ഇതിനിടെ, 96 ലക്ഷത്തോളം കോടി രൂപയുടെ ധനബില്ലും ധനവിനിയോഗ നിര്‍ദേശങ്ങളും ചര്‍ച്ചയില്ലാതെ പാസാക്കിയെടുത്തു. ജനാധിപത്യമൂല്യങ്ങള്‍ പച്ചയായി ധ്വംസിക്കപ്പെട്ടു.
പാര്‍ലമെന്ററി സംവിധാനത്തില്‍ ഭരിക്കുന്നവര്‍ക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരിക, അതിന്മേല്‍ നടക്കുന്ന ചര്‍ച്ചയിലൂടെ ഭരണകക്ഷിയെ തുറന്നു കാണിക്കുക എന്നത് പ്രതിപക്ഷത്തിന്റെ അവകാശമാണ്. എന്നാല്‍ ഇന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഈ ജനാധിപത്യ മര്യാദ തന്നെ മോദി ഗവണ്‍മെന്റ് ലംഘിക്കുകയായിരുന്നു.
സമീപകാലത്തുണ്ടായ ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്ന ഇന്ത്യക്കാരായ 39 പേര്‍ ഐ.എസ് ഭീകരരാല്‍ കൊല്ലപ്പെട്ടിട്ടും നാലു വര്‍ഷത്തോളമായി അവരുടെ കുടുംബാംഗങ്ങളില്‍നിന്നുപോലും ആ വിവരം മറച്ചുവച്ച് വിദേശനയരംഗത്തെ തങ്ങളുടെ കഴിവുകേട് മൂടിവയ്ക്കാന്‍ മോദി സര്‍ക്കാര്‍ തയാറായത്. അവരുടെ ജീവന്‍ അപകടത്തിലാണെന്നറിഞ്ഞിട്ടും ആ മനുഷ്യരെ രക്ഷപ്പെടുത്തുന്നതിനു ചെറുവിരലനക്കാനാകാത്ത മോദി സര്‍ക്കാര്‍ അവര്‍ കൊല്ലപ്പെട്ട വിവരം പുറത്തു പറഞ്ഞ ദൃക്‌സാക്ഷിയെ ജയിലിലടച്ച് തങ്ങളുടെ മനുഷ്യത്വരഹിതവും സ്വേച്ഛാധിപത്യപരവുമായ സമീപനമാണ് വെളിപ്പെടുത്തിയത്. സ്വന്തം രാഷ്ട്രീയ ചൂതാട്ടത്തിനായി രാജ്യത്തെ പൗരന്‍മാരുടെ ജീവന്‍പോലും ബലി നല്‍കാന്‍ ഈ സ്വേച്ഛാധിപത്യ സംവിധാനം മടിക്കുന്നില്ല.
രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രിംകോടതിയുടെ അധികാരത്തില്‍ കൈകടത്തുന്ന സമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൊളീജിയം സംബന്ധിച്ച കോലാഹലങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പാര്‍ലമെന്റിനെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും നോക്കുകുത്തിയാക്കുകയാണ്. സുപ്രിംകോടതിയുടെ വിശ്വാസത്തെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുന്നുവെന്ന് ജഡ്ജിമാര്‍ തന്നെയാണ് പരാതി പറഞ്ഞത്.
നോട്ടുനിരോധനത്തില്‍ ഏറ്റവും വലിയമേനി പറച്ചില്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴും രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് കുത്തനെ ഇടിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ താഴോട്ട് പോയ 4 വര്‍ഷങ്ങളാണ് നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴില്‍ കടന്നുപോയത്. സാമ്പത്തികരംഗത്ത് യാതൊരു നേട്ടവും അവകാശപ്പെടാനില്ലാത്ത മോദി സര്‍ക്കാര്‍ സാധാരണക്കാരന്റെ ജീവിതം താറുമാറാക്കി.നോട്ട് നിരോധനവും ജി.എസ്.ടിയും ഉള്‍പ്പെടെ ഇന്ത്യന്‍ സാമ്പത്തിക ജീവിതത്തെ തകര്‍ത്ത നാല് വര്‍ഷങ്ങളാണ് നരേന്ദ്രമോദിയുടെ കീഴില്‍ കടന്ന് പോയത്. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കെട്ടിപ്പടുത്ത സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്നതായിരുന്നു മോദിയുടെ പരിഷ്‌കരണങ്ങള്‍.
സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് ഈയിടെ പുറത്ത്‌വിട്ട റിപ്പോര്‍ട്ടില്‍ രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദന രംഗത്ത് വീണ്ടും തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമാക്കുന്നുണ്ട്. നാലുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലായിരിക്കും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര ഉല്‍പാദനമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.6.5 ശതമാനം വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7.1 ശതമാനമാണ് രേഖപ്പെടുത്തിയിരുന്നത്. കാര്‍ഷിക മേഖല, ഉല്‍പാദന രംഗം എന്നിവയിലുണ്ടായ തിരിച്ചടിയാണ് ആഭ്യന്തര ഉല്‍പാദന രംഗത്തെ തിരിച്ചടിക്ക് കാരണം. കാര്‍ഷിക മേഖലയില്‍ വന്‍തിരിച്ചടിയാണ് ഉണ്ടാകുന്നത്. ഈ സാമ്പത്തിക വര്‍ഷത്തെ ഖാരിഫ് സീസണില്‍ ഉണ്ടാകുന്ന കാര്‍ഷിക ഉല്‍പാദന രംഗത്തുനിന്ന് 13.46 കോടി ടണ്‍ മാത്രമാണ് പ്രതീക്ഷിക്കുന്നത്. നോട്ട് നിരോധനം നല്‍കിയ ആഘാതം ചെറുതല്ലെന്ന് വ്യക്തമാക്കുന്നതാണ് നിരന്തരം പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. കഴിഞ്ഞദിവസം പുറത്തുവന്ന കോബ്രാപോസ്റ്റിന്റെ വെളിപ്പെടുത്തലില്‍ കുത്തകകള്‍ക്ക് ലാഭമുണ്ടാക്കാന്‍ നോട്ടുനിരോധനം ഏതൊക്കെ രൂപത്തില്‍ സാധ്യമായി എന്ന് വെളിപ്പെടുത്തുന്നുണ്ട്.
ഉല്‍പാാദന കയറ്റുമതി മേഖലകളിലെല്ലാം പ്രവര്‍ത്തനം നിലച്ചു. അമേരിക്കന്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. സാധാരണക്കാരന് ഇരുട്ടടിയായി ഇന്ധനവില ദിനംപ്രതി വര്‍ധിക്കുന്നു. പെട്രോള്‍ വില സംസ്ഥാനത്ത് ലിറ്ററിന് 80 രൂപ പിന്നിട്ടിരിക്കയാണ്. ദിനം പ്രതി ചില്ലറപൈസകള്‍ വര്‍ധിപ്പിച്ച് ജനങ്ങലെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍.ഡീസലിനും പെട്രോളിനും അന്തരമില്ലാത്ത സാഹചര്യമാണ് നിലവില്‍. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ, രാജ്യമൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുന്നത് സ്ഥിരം വാര്‍ത്തയാണ്. കഴിഞ്ഞ 4 വര്‍ഷങ്ങള്‍ക്കിടയില്‍ എക്‌സൈസ് തീരുവ ഇനത്തില്‍ സാധാരണക്കാരില്‍ നിന്ന് 10 ലക്ഷം കോടിയോളം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഈടാക്കിയത്. ഇവകളെല്ലാ നിരന്തര വിലക്കയറ്റങ്ങളാണ് സൃഷ്ടിക്കുന്നത്.
ദലിത് അക്രമങ്ങള്‍,മുസ്‌ലിംകളോടുള്ള വിവേചനം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിക്കുന്ന അക്രമങ്ങള്‍ തുടങ്ങിയവയെല്ലാം മോദിസര്‍ക്കാറിന്റെ ഭീകരവീഴ്ചകളാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യം സംരക്ഷിക്കാനാകാതെ ഉലകം ചുറ്റിയത്‌കൊണ്ട് അച്ഛാദിന്‍ വരില്ല, അതിനായി ഭരാണാധിപന്മാര്‍ പണിയെടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."