ജനങ്ങള്‍ ഡിജിറ്റല്‍ പണമിടപാടിലേക്കു മാറുന്നു; നോട്ടു നിരോധനം 'പുതു ഇന്ത്യ' യിലേക്കുള്ള ചുവടുവെപ്പ്- മോദി
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ പൂര്‍ണമായും ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍കി ബാത്തി'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം തടയുന്നതിനുള്ള ഏറ്റവും വലിയ മാര്‍ഗമാണിത്. ഓരോ ഇന്ത്യന്‍ പൗരനും കള്ളപ്പണത്തിനെതിരെയുള്ള പോരാളികളാകണം. 'പുതു ഇന്ത്യ' എന്നത് 125 കോടി ജനങ്ങളുടെ സ്വപ്‌നമാണ്. ഇത് വെറും സര്‍ക്കാര്‍ പദ്ധതിയോ രാഷ്ട്രീയ വിഷയമോ അല്ല. നോട്ടു നിരോധനം ഈ സ്വപ്‌ന സാക്ഷാത്ക്കാരത്തിനുള്ള സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ പണമിടപാടു നടത്തുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാകാന്‍ പോകുന്നതെന്നും അടുത്ത ആറു മാസത്തിനുള്ളില്‍ മൂന്നു കോടിയോളം ആളുകള്‍ ഇതിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിനു ശേഷമാണ് ഇത്തരത്തിലൊരു മാറ്റം ഉണ്ടായത്. രണ്ടരക്കോടിയിലധികം പേര്‍ ഇതിനോടകം തന്നെ ഭീം ആപ് ഡൗണ്‍ലോഡ് ചെയ്‌തെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ ഇന്ത്യയുടെ പ്രചാരണത്തിനായി 100 ഡിജിറ്റല്‍ മേളകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ബംഗ്ലാദേശിന് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് മോദി മന്‍ കീ ബാത്ത് ആരംഭിച്ചത്. ന്യൂഡല്‍ഹി ധാക്കയുടെ ശക്തനായ സുഹൃത്തായിരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ഹോമിച്ച ഭഗത്സിങ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരുടെ ത്യാഗത്തേയും മന്‍കീബാത്തില്‍ മോദി പരാമര്‍ശിച്ചു.
ഭക്ഷണം പാഴാക്കുന്നത് കുറ്റമാണെന്ന് പറഞ്ഞ മോദി ഇത് ഇല്ലാതാക്കാന്‍ യുവാക്കള്‍ നടത്തുന്ന ശ്രമങ്ങള്‍ തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
വിഷാദമടക്കമുള്ള മാനസിക രോഗങ്ങള്‍ ചികില്‍സിച്ച് മാറ്റാന്‍ കഴിയുന്നതാണെന്നും ഇത്തരക്കാര്‍ക്ക് സമൂഹത്തിന്റെ പിന്തുണയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ രംഗത്ത് കടന്ന് വരുന്നത് നല്ല സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ പ്രസവാവധി 26 ആഴ്ചയാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."