കാട്ടൂരില്‍ കടല്‍ക്ഷോഭത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു: തീരദേശവാസികള്‍ ദുരിതത്തില്‍
കലവൂര്‍ : കാട്ടൂരില്‍ കടല്‍ക്ഷോഭത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു.കടല്‍ഭിത്തിയില്ലാതെ തീരദേശവാസികള്‍ കടുത്ത ദുരിതത്തില്‍. 50 ഓളം വീടുകള്‍ കടല്‍ ആക്രമണ ഭീഷണിയിലാണ്. സര്‍ക്കാരോ ജനപ്രതിനിധികളോ തിരിഞ്ഞ് നോക്കുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ ജീവിതം തള്ളിനീക്കുന്നത് തുറസായ സ്ഥലത്താണ്. വോട്ടെടുപ്പിനു മുന്‍പ് ഓരോ തവണ കയറിയിറങ്ങിയ രാഷ്ട്രീയകക്ഷികളിലാരും കടല്‍ക്ഷോഭം ഉണ്ടായപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. രണ്ടാഴ്ച്ചയായി പ്രദേശത്ത് കടല്‍ക്ഷോഭം തുടര്‍ന്നിട്ടും തഹസില്‍ദാര്‍ മാത്രകമാണ് പ്രദേശത്ത് സന്ദര്‍ശനത്തിനെത്തിയത്. 200 മീറ്റര്‍ സ്ഥലത്ത് അടിയന്തര കടല്‍ഭിത്തി നിര്‍മിക്കുമെന്ന പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രാരംഭനടപടികള്‍ പോലും തുടങ്ങിയിട്ടില്ല. വീടുവിട്ട് സര്‍ക്കാര്‍ ഒരുക്കുന്ന താല്‍ക്കാലിക അഭയ കേന്ദ്രങ്ങളിലേക്കു പോകില്ലെന്ന നിലപാടിലാണ് തീരദേശവാസികള്‍.
എന്നാല്‍ ദുരിതാശ്വാ ക്യാംപും ഇതുവരെ തുറന്നിട്ടില്ല. വീടുകള്‍ തകര്‍ന്നവര്‍ പലരും ബന്ധു വീടുകളിലേക്കാണ് മാറിതാമസിക്കുന്നത്. ഓരോ മണിക്കൂറിലും കടല്‍ തീരത്തെ വിഴുങ്ങുകയാണ്. കാലവര്‍ഷമല്ലാത്ത സമയത്തും ഇവിടെ കടല്‍ക്ഷോഭമാണ്. നിരന്തരമായ കടല്‍ക്ഷോഭം ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയാണ്.
സ്‌കൂളുകള്‍ തുറക്കുന്നതോടെ കുട്ടികളുടെ പഠനം മുടങ്ങുമെന്ന ആശങ്കയിലുമാണ്. കടല്‍ഭിത്തിയില്ലാത്ത മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ 23ാം വാര്‍ഡിലാണ് കടല്‍ക്ഷോഭം. ഇവിടെ കടല്‍ഭിത്തിയില്ലാത്തതാണ് കടല്‍ക്ഷോഭം ജനജീവിതത്തെ ബാധിക്കാന്‍ കാരണം. കാട്ടൂര്‍ അറയ്ക്കല്‍ പൊഴി മുതല്‍ വാഴക്കൂട്ടം പൊഴിവരെയുള്ള ഒരു കിലോമീറ്റര്‍ ഭാഗത്ത് കടല്‍ഭിത്തി പൂര്‍ണമായുമില്ല. ഏറെ തീരവും കടലെടുത്തു. കടപുഴകിയ തെങ്ങുകള്‍ക്കും കണക്കില്ല. കടല്‍ഭിത്തി കെട്ടാന്‍ ഇതുവരെ അധികാരികള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പരിഹാരത്തിനായി സമരമാര്‍ഗങ്ങളിലേക്കു നീങ്ങുകയാണെന്നു തീരദേശവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."