മൊബൈല്‍ കണക്ഷന് ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ വേഗത്തിലാക്കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ തങ്ങളുടെ കണക്ഷന് ആധാറുമായി ബന്ധപ്പെടുത്തുന്ന നടപടികള്‍ വേഗത്തിലാക്കുന്നതിനായി എല്ലാ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ അസോസിയേഷന് ഈ ആഴ്ച ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഓരോ സേവന ദാതാക്കളും തങ്ങളുടെ ഉപഭോക്താക്കളുടെ നിലവിലുള്ള പോസ്റ്റ് പെയ്ഡ്, പ്രിപെയ്ഡ് വിവരങ്ങള്‍ കെ.വൈ.സി അടിസ്ഥാനത്തില്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ടെലികോം വകുപ്പ് അറിയിച്ചു. ഇക്കാര്യം എല്ലാ മൊബൈല്‍സേവന ദാതാക്കളും തങ്ങളുടെ ഉപഭോക്താക്കളെ എസ്.എം.എസ് വഴിയോ അല്ലെങ്കില്‍ മാധ്യമങ്ങള്‍ വഴിയോ അറിയിക്കണം. കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രിം കോടതി ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എല്ലാ ഉപഭോക്താക്കളും തങ്ങളുടെ കണക്ഷന് ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു.
ഇതിനായി ഓരോ സേവന ദാതാക്കളും ഉപഭോക്താക്കള്‍ക്കായി ഇതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."