നായനാര്‍ പ്രതിമ സ്ഥാപിച്ച പീഠത്തിന്റെ ഉയരം കുറച്ചു
കണ്ണൂര്‍: ഇ.കെ നായനാര്‍ അക്കാദമി വളപ്പില്‍ സ്ഥാപിച്ച നായനാര്‍ പ്രതിമയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി. പ്രതിമ സ്ഥാപിച്ച പീഠത്തിന്റെ ഉയരം കുറച്ചതായി ശില്‍പി തോമസ് ജോണ്‍ കോവൂര്‍ പറഞ്ഞു.
പീഠത്തിന്റെ ഉയരം11 അടിയില്‍ നിന്ന് ഏഴടിയായി കുറച്ചിട്ടുണ്ട്. മുഖത്തെ കണ്ണട, പല്ലുകള്‍ എന്നിവ ഹൈലൈറ്റ് ചെയ്തു.
തറനിരപ്പില്‍ നിന്ന് 17 അടി ഉയരത്തിലാണ് നായനാര്‍ പ്രതിമ സ്ഥാപിച്ചള്ളത്. നേരത്തെ ഇത് 21 അടി മുകളിലായിരുന്നു. ക്രെയിന്‍ ഉപയോഗിച്ചാണ് പ്രതിമ താഴെയിറക്കിയത്. അറ്റകുറ്റപ്പണികള്‍ക്കു ശേഷം ഇന്നലെ വൈകുന്നേരത്തോടെ പ്രതിമ വീണ്ടും പീഠത്തില്‍ ഉറപ്പിച്ചു.
പ്രതിമയുടെ മുഖത്ത് കൃത്യമായി വെളിച്ചം വീഴുന്ന തരത്തില്‍ സ്‌പോട്ട്‌ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്.
വളരെ ഉയരത്തില്‍ സ്ഥാപിച്ചതും മുഖത്തേക്കു വെളിച്ചം വീഴാത്ത തരത്തില്‍ സ്ഥാപിച്ചതുമാണു നായനാരുടെ മുഖച്ഛായ തോന്നാതിരിക്കാന്‍ കാരണമെന്നാണു ശില്‍പി തോമസ് ജോണ്‍ കോവൂര്‍ ഇന്നലെയും ആവര്‍ത്തിച്ചത്.
എന്നാല്‍ ഈ വിശദീകരണത്തില്‍ സി.പി.എം നേതൃത്വം തൃപ്തരല്ലെന്നാണ് സൂചന. തുടര്‍ന്നും ആക്ഷേപമുയര്‍ന്നാല്‍ പ്രതിമ സ്ഥാപിച്ച പീഠം പൂര്‍ണമായും എടുത്തുമാറ്റി പ്രതിമ മാത്രമായി സ്ഥാപിക്കാനും ആലോചനയുണ്ട്.
നായനാരുടെ സ്വതസിദ്ധമായ ചിരിയും ഭാവവും രൂപവുമൊന്നും ശില്‍പത്തില്‍ പൂര്‍ണമായും പ്രതിഫലിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് നേരത്തെ പരാതി ഉയര്‍ന്നത്.
തുടര്‍ന്നാണ് വീണ്ടും ശില്‍പിയുടെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണി നടത്താന്‍ സി.പി.എം നേതൃത്വം തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."