ഹൂത്തികള്‍ മുന്നൂറിലധികം പള്ളികള്‍ തകര്‍ത്തതായി യെമന്‍ പണ്ഡിതര്‍
ജിദ്ദ: യെമനില്‍ ഔദ്യോഗിക സര്‍ക്കാരിനെതിരെ ഇറാന്‍ പിന്തുണയോടെ പോരാടുന്ന ഹൂത്തി വിമതര്‍ മുന്നൂറിലധികം പള്ളികള്‍ തകര്‍ത്തിട്ടുണ്ടെന്ന് ആരോപിച്ച് നിരവധി യെമന്‍ പണ്ഡിതന്മാര്‍ രംഗത്ത്. മാര്‍ച്ച് 17 ന് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നടക്കുന്നതിനിടെ, മഅ്‌രിബ് മേഖലയിലെ സ്വര്‍വാഹില്‍ കൗഫല്‍ മസ്ജിദിനു നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ 26 യെമന്‍ സൈനികര്‍ രക്തസാക്ഷികളായിരുന്നു. 49 പേര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഹൂത്തികളുടെ നിഷ്ഠുര ചെയ്തിക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് രൂക്ഷമായ പ്രതികരണങ്ങളുണ്ടായി.
ഇതിന് പുറമെ, പള്ളികളില്‍ നമസ്‌കാരത്തിനും മതപ്രബോധനത്തിനും നേതൃത്വം നല്‍കുന്ന 600 ലധികം പണ്ഡിതന്മാരെ തടവുകാരായി പിടിച്ച് ഹൂത്തികള്‍ മൃഗീയമായി വധിച്ചതായും യെമനി പണ്ഡിതന്മാര്‍ കുറ്റപ്പെടുത്തി.
കൗഫല്‍ മസ്ജിദിനു നേരെ, ജുമുഅ നമസ്‌കാരം നടക്കുന്നതിനിടെ ആക്രമണം നടത്തിയത് ഹൂത്തികളുടെ വിനാശകരമായ സ്വഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും യാതൊരു തത്വദീക്ഷിയുമില്ലാത്ത, കരാര്‍ പാലിക്കാത്ത വിഭാഗമാണ് അവരെന്നും അല്‍റഷാദ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശൈഖ് അബ്ദുല്‍ വഹാബ് അല്‍ഹുമൈഖാനി കുറ്റപ്പെടുത്തി.
വിശുദ്ധ കഅ്ബാലയം ലക്ഷ്യം വെച്ച് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച ഹൂത്തികള്‍ക്ക് പള്ളികള്‍ തകര്‍ക്കുന്നതിനോ ഖുര്‍ആന്‍ മനഃപാഠമാക്കിയവരെ ക്രൂരമായി കൈകാര്യം ചെയ്യുന്നതിനോ പ്രയാസമുണ്ടാവുകയില്ലെന്ന് യെമന്‍ ഉന്നത പണ്ഡിത സഭാംഗം ശൈഖ് അബ്ദുല്ല ബിന്‍ അലി അല്‍സ്വഅ്തര്‍ അഭിപ്രായപ്പെട്ടു.
അതേ സമയം സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമനില്‍ നടത്തുന്ന സൈനിക ഇടപെടല്‍ രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ 85 ശതമാനം ഭൂമിയും ഹൂതി, അലി സാലിഹ് പക്ഷക്കാരായ വിഘടനവാദികളില്‍ നിന്ന് തിരിച്ചുപിടിച്ചതായി സഖ്യസേന അവകാശപ്പെട്ടു.
വളരെ നിര്‍ണായക ഘട്ടത്തിലാണ് യെമന്‍ പ്രസിഡന്റ് അബ്ദുറബ് ഹാദി മന്‍സൂറിന്റെ അഭ്യര്‍ഥന പ്രകാരം 2015 മാര്‍ച്ച് 26ന് യെമനില്‍ സഖ്യസേന ഇടപെട്ടതെന്ന് സഊദി വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ജുബൈര്‍ വ്യക്തമാക്കി. അറബ് രാഷ്ട്രങ്ങള്‍ക്കിടയിലെ പ്രതിരോധ സഹകരണ കരാറിന്റെയും ഐക്യരാഷ്ട്രസഭ കരാറിന്റെ 51ാം അനുഛേദത്തിന്റെയും അടിസ്ഥാനത്തിലാണ് യെമന്‍ പ്രസിഡന്റ് സഊദിയോട് സഹായം അഭ്യര്‍ഥിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."