ഇന്ത്യയോട് ആരും ആണവശേഷി നിയന്ത്രിക്കാന്‍ ആവശ്യപ്പെടുന്നില്ല: പര്‍വേസ് മുശറഫ്
ഇസ്‌ലാമാബാദ്: ആണവായുധങ്ങളുടെ കാര്യത്തില്‍ ലോകം ഇന്ത്യക്കും പാകിസ്താനുമിടയില്‍ സ്വീകരിക്കുന്ന നിലപാടിനെ ചോദ്യം ചെയ്ത് പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുശറഫ്. അമേരിക്ക സൗകര്യപൂര്‍വം പാകിസ്താനെ ഒഴിവാക്കി ഇന്ത്യക്കനുസരിച്ച് നിലപാടെടുക്കുകയാണെന്നും മുശറഫ് ആരോപിച്ചു. യു.എസ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 'വോയ്‌സ് ഓഫ് അമേരിക്ക'ക്കു നല്‍കിയ അഭിമുഖത്തിലാണ് മുശറഫ് ചോദ്യമുന്നയിച്ചത്.
''ആരും ഇന്ത്യയോട് അവരുടെ ആണവ സ്വത്തുക്കള്‍ നിയന്ത്രിക്കാന്‍ ആവശ്യപ്പെടുന്നില്ല. ഇന്ത്യ ഉയര്‍ത്തുന്ന ആണവഭീഷണിയെ ചോദ്യംചെയ്യുന്നുമില്ല. നിലനില്‍പ്പു ഭീഷണിയായതോടെയാണ് പാകിസ്താന്‍ ആണവായുധം കൈവശമുള്ള രാജ്യമായി മാറിയത് ''-മുശറഫ് അഭിമുഖത്തില്‍ പറഞ്ഞു. കാലങ്ങളായി തങ്ങള്‍ അമേരിക്കയെ അനുസരിച്ചാണു കഴിഞ്ഞിട്ടുള്ളതെന്നും ഇന്ത്യയെ നിലക്കുനിര്‍ത്താന്‍ അമേരിക്ക തയാറാകണമെന്നും മുശറഫ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും അഭിമുഖത്തില്‍ മുശറഫ് ആഞ്ഞടിച്ചു. തന്റെ ഭരണകാലത്ത് ഇന്ത്യാ-പാക് അനുരഞ്ജനശ്രമങ്ങള്‍ മെച്ചപ്പെട്ടുവരികയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. മോദി സമാധാന ചര്‍ച്ചകളുടെ വക്താവല്ലെന്നും മുശറഫ് കുറ്റപ്പെടുത്തി. താന്‍ പ്രസിഡന്റായിരിക്കെ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുമായും മന്‍മോഹന്‍ സിങ്ങുമായും സംസാരിച്ചിട്ടുണ്ട്. ഇരുവരും തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചു മുന്നോട്ടുപോകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്- മുശറഫ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."