ഭക്തിസാന്ദ്രമായി നെയ്യാട്ടം
കൊട്ടിയൂര്‍: വൈശാഖ മഹോത്സവത്തിന് തുടക്കംകുറിച്ച് അക്കരെ കൊട്ടിയൂരില്‍ നെയ്യാട്ടം നടന്നു. സ്വയംഭൂവില്‍ അഭിഷേകം ചെയ്യാനുള്ള നെയ്യുമായി നൂറുകണക്കിന് നെയ്യമൃത് ഭക്തരാണ് ഇന്നലെ കൊട്ടിയൂരിലെത്തിയത്. ചടങ്ങിന് മുന്നോടിയായി ആദിപരാശക്തിയുടെ ചൈതന്യം കുടികൊള്ളുന്ന വാള് വയനാട് മുതിരേരി ക്ഷേത്രത്തില്‍ എഴുന്നള്ളിച്ച് സന്ധ്യയോടെ കൊട്ടിയൂര്‍ ഇക്കരെ ക്ഷേത്രത്തിലെത്തിച്ചു. ഇന്നലെ രാത്രി മണിത്തറയിലെ ചോതിവിളക്കില്‍ തിരിതെളിയുന്നതോടെയാണ് നെയ്യാട്ട ചടങ്ങുകള്‍ക്ക് തുടക്കമായത്. രാശി വിളിച്ചതിന് ശേഷം സ്വയംഭൂ ശിലയില്‍ മൂടിയ അഷ്ടബന്ധം നീക്കം ചെയ്ത് വില്ലിപ്പാലന്‍ കുറുപ്പിനെയും തമ്മേങ്ങാടന്‍ നമ്പ്യാരുടെയും നെയ്യമൃത് കുംഭങ്ങള്‍ അഭിഷേകം ചെയ്തതിന് പിന്നാലെയാണ് മറ്റ് നെയ്യമൃത് വ്രതക്കാരുടെ നെയ്യ് സ്വയംഭൂവില്‍ അഭിഷേകം ചെയ്തത്. ചടങ്ങുകള്‍ക്ക് ഉഷകാമ്പ്രം നമ്പൂതിരി കാര്‍മികത്വം വഹിച്ചു. നെയ്യാട്ടത്തോടെ അക്കരെ സന്നിധാനത്തിലേക്ക് ഭക്തജങ്ങള്‍ക്ക് പ്രവേശനാനുമതിയാകും. ഇന്ന് മണത്തണ കരിമ്പന ഗോപുരത്തില്‍നിന്ന് കൊട്ടിയൂരിലേക്ക് നടക്കുന്ന ഭണ്ഡാരമെഴുന്നെള്ളത്ത് ഘോഷയാത്ര അക്കര സന്നിധാനത്തെത്തിയതിന് ശേഷമേ സ്ത്രീകള്‍ക്ക് അക്കരെ സന്നിധാനത്തിലേക്ക് പ്രവേശനാനുവാദമുണ്ടാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."