റയല്‍... തുടരുന്നു
റഫറി ഫൈനല്‍ വിസില്‍ മുഴക്കുമ്പോള്‍ കുമ്മായ വരയ്ക്കപ്പുറത്ത് മൊട്ടത്തല തടവി മാന്ത്രികനായ മന്‍ഡ്രേക്കിനെ പോലെ സിനദിന്‍ സിദാന്‍ ചിരിക്കുന്നുണ്ടായിരുന്നു. ഇരു പകുതികളിലായി തന്ത്രപരമായ രണ്ട് നീക്കങ്ങള്‍ നടത്തി ഇംഗ്ലീഷ് കരുത്തരായ ലിവര്‍പൂളിന്റെ ഹൃദയം തകര്‍ത്ത് റയല്‍ മാഡ്രിഡ് തുടര്‍ച്ചയായി മൂന്നാം വട്ടവും യൂറോപ്പിലെ ചക്രവര്‍ത്തി പദവി ഉറപ്പിച്ചപ്പോള്‍ ഹാട്രിക്ക് കിരീടമെന്ന അനുപമ നേട്ടം ടീമിനൊപ്പം സിദാനും സ്വന്തം. ഗെരത് ബെയ്‌ലെന്ന വെയ്ല്‍സ് താരത്തിന്റെ കിണ്ണംകാച്ചിയ രണ്ട് സുന്ദരന്‍ ഗോളുകളുടെ ബലത്തില്‍ റയല്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂളിനെ തകര്‍ത്തെറിഞ്ഞ് ചാംപ്യന്‍സ് ലീഗ് കിരീടം 13ാം തവണയും സ്‌പെയിനിലേക്ക് കൊണ്ടുപോയത്.
തുടക്കം മുതല്‍ ഒടുക്കം വരെ ആവേശം ഒരിഞ്ച് ചോരാതെ ഒരു ഫുട്‌ബോള്‍ പോരാട്ടം. കളി അടിക്ക് തിരിച്ചടിയെന്ന നിലയില്‍ കത്തിക്കയറിയ നിമിഷങ്ങള്‍. തലനാരിഴയ്ക്ക് വഴിമാറി പോകുന്ന ഗോളവസരങ്ങള്‍. മുഹമ്മദ് സലാഹിന്റേയും പിന്നാലെ കാര്‍വജാലിന്റേയും കണ്ണീര്‍ മടക്കങ്ങള്‍, ഒടുവില്‍ ഗെരത് ബെയ്‌ലിന്റെ അക്രോബാറ്റിക് ഗോളും ഒരു നെടുനീളന്‍ പവര്‍ ഷോട്ടും.
ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ ലിവര്‍പൂളിന്റെ ആക്രമണം. പത്ത് മിനുട്ടില്‍ കളിയുടെ താളം മനസിലാക്കി റയലിന്റെ പ്രവേശം. പിന്നീട് ഇരു ഭാഗത്തും പന്ത് കയറിയിറങ്ങുന്നു. അതിനിടെ ലിവര്‍പൂളിന്റെ അമരക്കാരനായി നില്‍ക്കുന്ന മുഹമ്മദ് സലാഹ് റയല്‍ നായകന്‍ സെര്‍ജിയോ റാമോസിന്റെ അപകടകരമായ ഒരു ഫൗളിന് വിധേയനാകുന്നു. ലിവര്‍പൂള്‍ ഫാന്‍സും ഒപ്പം അങ്ങകലെയുള്ള ഈജീപ്ഷ്യന്‍ ജനത ഒന്നടങ്കവും സ്തബ്ധരായി നിന്ന നിമിഷം. തോളിനേറ്റ പരുക്കിന്റെ കാഠിന്യം കൂടിയതോടെ സലാഹ് കണ്ണീരോടെ കളം വിടുന്നു. ലിവര്‍പൂളിന്റെ കളിയുടെ രസതന്ത്ര സമവാക്യം സിദാന്‍ റാമോസിനെ വച്ച് ആദ്യം തെറ്റിക്കുന്നു. പിന്നാലെ കളിയുടെ നിയന്ത്രണം റയലിലേക്കെത്തുന്ന കാഴ്ച.
ഒന്നൊന്നായി മുന്നേറി ലിവര്‍പൂള്‍ പകുതിയില്‍ ആശങ്കകളുടെ വിത്ത് പാകികൊണ്ടിരുന്നു റയല്‍ താരങ്ങള്‍. അതിനിടെ ഇസ്‌ക്കോയുടെ ഒരു ഗോള്‍ ശ്രമം പോസ്റ്റില്‍ തട്ടി മടങ്ങി. സലാഹ് മടങ്ങിയതിന്റെ ക്ഷീണത്തില്‍ നിന്ന് ലിവര്‍പൂളും മുക്തരായതോടെ കളി മറ്റൊരു തലത്തിലേക്ക് മാറി. സലാഹിന്റെ അഭാവം തീര്‍ക്കാന്‍ സാദിയോ മാനെ അത്യധ്വാനത്തോടെ കളിച്ചു. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ റയലും ലിവര്‍പൂളും മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല.
രണ്ടാം പകുതി തുടങ്ങി കളി പരോഗമിക്കവേ 51ാം മിനുട്ടില്‍ സമനിലപ്പൂട്ട് പൊളിച്ച് കരിം ബെന്‍സമയുടെ ഗോള്‍. പന്ത് സ്വീകരിച്ച് സഹ താരത്തിലേക്ക് കൈമാറാന്‍ ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ കരിയുസ് ശ്രമിച്ചത് അബദ്ധമായി മാറി. പന്ത് സഹ താരത്തിലേക്ക് എത്തിക്കാനായി കൈകൊണ്ടെറിഞ്ഞ കരിയുസിന്റെ ശ്രമം ബെന്‍സമയുടെ കാലില്‍ തട്ടി നേരെ ചെന്നു കയറിയത് ലിവര്‍പൂള്‍ പോസ്റ്റില്‍. അപ്രതീക്ഷിതമായി ലീഡ് കിട്ടിയ റയലിന് പക്ഷേ അധികം ആഹ്ലാദിക്കാനുള്ള സമയം ലഭിച്ചില്ല. അതിന് മുന്‍പ് തന്നെ ലിവര്‍പൂള്‍ സമനില പിടിച്ചു.
റയല്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ സാദിയോ മാനെയുടെ ക്ലിനിക്കല്‍ ഫിനിഷ് കെയ്‌ലര്‍ നവാസിന് യാതൊരവസരവും നല്‍കാതെ വലയില്‍.
സലാഹിന്റെ അഭാവത്തില്‍ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഈ സമനില ഗോള്‍ ഇംഗ്ലീഷ് ടീമിനെ തെല്ലൊന്നുമല്ല സഹായിച്ചത്. സമനില പിടിച്ചതോടെ വര്‍ധിത വീര്യത്തോടെയുള്ള ചെമ്പടയുടെ മുന്നേറ്റങ്ങള്‍. മറുഭാഗത്ത് പന്തിലുള്ള ആധിപത്യം ഒരണുപോലും വിടാതെ റയല്‍ കളിച്ചു. സമനില പിടിച്ച് ലിവര്‍പൂള്‍ ചടുലമായ ആക്രമണങ്ങളുമായി കളം നിറായന്‍ ശ്രമിച്ചപ്പോള്‍ കൗണ്ടര്‍ അറ്റാക്കിലൂടെയാണ് റയല്‍ പ്രതികരിച്ചത്.
കളി അവസാന ഘട്ടത്തിലേക്ക് കടക്കവേ ഇസ്‌ക്കോയ്ക്ക് ബോക്‌സില്‍ വച്ച് ഗോളടിക്കാനുള്ള ഒരു സുവര്‍ണാവസരം തുറന്നുകിട്ടി. എന്നാല്‍ താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി. പിന്നാലെ ഇസ്‌ക്കോയെ പിന്‍വലിച്ച് സിദാന്‍ നിര്‍ണായകമായ തന്റെ രണ്ടാം തന്ത്രം നടപ്പാക്കി. ഗെരത് ബെയ്‌ലിനെ കളത്തിലിറക്കാനുള്ള തീരുമാനം. കളിയുടെ ഗതി അപ്പാടെ മാറ്റിക്കളഞ്ഞ നിര്‍ണായക നീക്കമായിരുന്നു ഇത്.
സീസണില്‍ മുഴുവന്‍ ബെയ്‌ലിനെ പല കളിയിലും സൈഡ് ബഞ്ചിലിരുത്തിയ സിദാന്റെ നീക്കങ്ങള്‍ വന്‍ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു. നിലവില്‍ മികവില്‍ നില്‍ക്കുന്ന ബെയ്‌ലിനെ ഫൈനല്‍ പോരാട്ടത്തിന്റെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താതിന് പോലും വിമര്‍ശനങ്ങള്‍ സിദാന്‍ ഏറ്റുവാങ്ങി. താന്‍ മാറ്റി നിര്‍ത്തപ്പെടേണ്ട താരമല്ലെന്ന് എണ്ണം പറഞ്ഞ രണ്ട് ഗോളുകളിലൂടെ ബെയ്ല്‍ അടിവരയിട്ടപ്പോള്‍ ആ രണ്ട് ഗോളുകളേയും ചരിത്രം ഏറ്റുവാങ്ങി.
61ാം മിനുട്ടിലാണ് ബെയ്ല്‍ കളത്തിലെത്തിയത്. മൂന്ന് മിനുട്ടിന്റെ ഇടവേള. മാഴ്‌സലോ ഇടത് വിങില്‍ നിന്ന് ബോക്‌സില്‍ നിന്ന ബെയ്‌ലിന് കണക്കാക്കി പന്ത് ഉയര്‍ത്തിക്കൊടുക്കുന്നു. പാകത്തില്‍ ലഭിച്ച പന്ത് അക്രോബാറ്റിക്ക് ഷോട്ടിലൂടെ ബെയ്ല്‍ വലയിലാക്കിയപ്പോള്‍ സ്റ്റേഡിയം തരിച്ചിരുന്നുപോയി.
ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ ചരിത്ര വഴികളില്‍ പിറന്ന ഏറ്റവും സുന്ദരമായൊരു ഗോള്‍. ആഴ്ചകള്‍ക്ക് മുന്‍പ് സഹ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ബൈസിക്കിള്‍ കിക്കിനെ ഓര്‍മപ്പെടുത്തി കാല്‍പന്തിന്റെ ഇതിഹാസ താളുകളിലേക്ക് ബെയ്‌ലിന്റെ വകയും ഒരു സിസര്‍കട്ട്.
ലീഡെടുത്തതോടെ കളിയുടെ നിയന്ത്രണം ഏതാണ്ട് മുഴുവനായും റയലിന്റെ കൈകളില്‍ ഭദ്രമായി. എന്നിട്ടും ലിവര്‍പൂള്‍ പൊരുതി കയറാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. അതിനിടെ മാനെയുടെ ഒരു ഷോട്ട് ബോക്‌സില്‍ തട്ടി തെറിച്ചു. കളി പുരോഗമിക്കവേ 83ാം മിനുട്ടില്‍ ബെയ്ല്‍ വീണ്ടും അവതരിച്ചു.
ബോക്‌സിന് തൊട്ടുപുറത്ത് വച്ച് പാകത്തില്‍ പന്ത് കിട്ടിയപ്പോള്‍ നെടുനീളന്‍ പവര്‍ ഷോട്ടിലൂടെ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും വലയിലാക്കി കീവിലെ ആ രാത്രി ബെയ്ല്‍ ഒറ്റയ്ക്ക് തന്നെ സ്വന്തമാക്കി. ലിവര്‍പൂള്‍ അവിടെ തീര്‍ന്നിരുന്നു. പിന്നെ ചടങ്ങ് തീര്‍ക്കേണ്ടി ബാധ്യത മാത്രമേ ഉണ്ടായിരുന്നുള്ളു.
നിര്‍ഭാഗ്യം ഒരിക്കല്‍ കൂടി യുര്‍ഗന്‍ ക്ലോപിനെ പിടികൂടി. ഇത് രണ്ടാം തവണയാണ് ഫൈനലിലെത്തിയിട്ടും യൂറോപ്യന്‍ കിരീടം ഉയര്‍ത്താന്‍ ക്ലോപിന് ഭാഗ്യമില്ലാതെ പോകുന്നത്. 2013ല്‍ ജര്‍മന്‍ ടീം ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ക്ലോപ് ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിച്ചിരുന്നു. എന്നാല്‍ അന്ന് ജര്‍മന്‍ കരുത്തര്‍ തന്നെയായ ബയേണ്‍ മ്യണിക്കിനോട് പരാജയപ്പെടാനായിരുന്നു യോഗം.
തോറ്റിട്ടും തങ്ങളുടെ ടീമിനോട് ലിവര്‍പൂള്‍ ഫാന്‍സ് അനുഭാവപൂര്‍വം പെരുമാറിയത് ശ്രദ്ധേയമായി. രണ്ട് അബദ്ധങ്ങളിലൂടെ ഗോള്‍ വഴങ്ങിയതില്‍ മനംനൊന്ത് ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ കരിയുസ് പൊട്ടിക്കരഞ്ഞപ്പോഴും എഴുന്നേറ്റ് നിന്ന് കൈയടികളോടെ പ്രതികരിച്ചാണ് അവര്‍ മാന്യത കാട്ടിയത്.
ജയവും തോല്‍വിയും റാമോസ് കാണിച്ച ക്രൂരതയും മാറ്റി നിര്‍ത്തിയാല്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആനന്ദിക്കാനുള്ള അവസരമാണ് ഇരു ടീമുകളും കീവില്‍ ഒരുക്കിയത്. അത്രയും മനോഹരമായൊരു പോരാട്ടമെന്ന് ഇത്തവണത്തെ ചാംപ്യന്‍സ് ലീഗ് ഫൈനലിനെ വിശേഷിപ്പിക്കാം.
ഒരര്‍ഥത്തില്‍ ഇതൊരു ആമുഖ കുറിപ്പ് കൂടിയാണ്. 17 ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ റഷ്യയില്‍ കാല്‍പന്ത് മഹോത്സവം അരങ്ങേറാനിരിക്കുകയാണ്. അതിനുള്ള നാന്ദിയായി കീവിലെ പോരാട്ടത്തെ കാണാം.
റഷ്യയില്‍ കാത്തിരിക്കുന്നത് ഇതിലും മനോഹരമായ ഫുട്‌ബോളായിരിക്കുമെന്ന പ്രതീക്ഷ റയലും ലിവര്‍പൂളും ബാക്കി നിര്‍ത്തിയിട്ടുണ്ട്.
- 16 ഫൈനലുകള്‍ കളിച്ച റയലിന്റെ
13ാം ചാംപ്യന്‍സ് ലീഗ് കിരീടം - ഹാട്രിക്ക് കിരീടം നേടുന്ന ആദ്യ ടീം
- അഞ്ച് സീസണുകള്‍ക്കിടയില്‍
നാല് ചാംപ്യന്‍സ് ലീഗ് നേട്ടം - മൂന്ന് തുടര്‍ കിരീടങ്ങള്‍ നേടുന്ന
ആദ്യ പരിശീലകനായി സിദാന്‍ - അഞ്ച് ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
- എട്ട് ഫൈനലുകള്‍ കളിച്ച ലിവര്‍പൂളിന്റെ
മൂന്നാം തോല്‍വി - ബൊറൂസിയ ഡോര്‍ട്മുണ്ടിനേയും ഇപ്പോള്‍
ലിവര്‍പൂളിനേയും ഫൈനലിലെത്തിച്ച
യുര്‍ഗന്‍ ക്ലോപിന് രണ്ട് തവണയും രണ്ടാം സ്ഥാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."