യൂത്ത് കോണ്‍ഗ്രസ് റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു
ശാസ്താംകോട്ട: യൂത്ത് കോണ്‍ഗ്രസ് റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജില്ലാ പഞ്ചായത്ത് റോഡായ ഉള്ളുരുപ്പ് മലയാറ്റൂര്മുക്ക് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യൂത്ത്കോണ്‍ഗ്രസ് പടിഞ്ഞാറേ കല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് രണ്ട് തവണ ടെന്‍ഡര്‍ നടത്തി പണം അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് മെംബര്‍ ആരോപിച്ചു. എന്നാല്‍ അനുവദിച്ച 17 ലക്ഷം രൂപ ലാപ്സായിപ്പോയെന്ന് പഞ്ചായത്ത് എബി പറയുന്നു. റോഡ് കുളമായി കിടക്കുന്നതല്ലാതെ പണിയൊന്നും തന്നെ തുടങ്ങുന്നതുമില്ലായെന്നും ഇടതുപക്ഷ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സമരം ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് സുരേഷ്ചന്ദ്രന്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എസ്. കിഷോര്‍ അധ്യക്ഷനായി. കെ.എസ് കിരണ്‍, വിപിന്‍, ഓമനക്കുട്ടന്‍പിള്ള, ശ്രീഹരി, സച്ചിന്, അക്ഷയ്, ശ്രീകുട്ടന്, റെജി സംസാരിച്ചു.
ചവറ സബ്ജില്ലാ അവലോകന യോഗം സംഘടിപ്പിച്ചു
ചവറ: സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ചവറ സബ്ജില്ലയിലെ സ്കൂളുകളിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അവലോകന യോഗം സംഘടിപ്പിച്ചു. പൊലിസ്, എക്സൈസ്, മോട്ടോര്‍വാഹന വകുപ്പ്, ആരോഗ്യ പ്രവര്‍ത്തകര്‍,പി.ഡബ്ല്യൂ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പി.ടി.എ പ്രസിഡന്റുമാര്‍, എസ്.എം.സി ഭാരവാഹികള്‍, പ്രഥമാധ്യാപകര്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
സ്കൂളുകളിലെ പ്രോട്ടക്ഷന്‍ ഗ്രൂപ്പുകള്‍ ശക്തമാക്കുക, അപകടാവസ്ഥയിലായ വൃക്ഷങ്ങള്‍ മുറിച്ച് മാറ്റുക, കിണറുകള്‍ ശുചീകരിക്കുക, പരിസരത്തെ വെള്ളക്കെട്ട് ഒഴിവാക്കുക, തിളപ്പിച്ചാറ്റിയ വെള്ളം സ്കൂളുകളില്‍ നല്കാന് നടപടിയെടുക്കുക, കുട്ടികളെ കൊണ്ട് പോകുന്ന വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ലൈസന്‍സ് ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക, സ്കൂളുകള്‍ക്ക് സമീപത്തെ ലഹരി ഉപയോഗം നടക്കുന്നുണ്ടോയെന്ന് പി.ടി.എ, എസ്.എം.സി ഭാരവാഹികള്‍ ശ്രദ്ധിക്കുക, മൂന്ന് മാസം കൂടുമ്പോള്‍ സ്കൂളിലെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി പ്രത്യേക യോഗം ചേരണം തുടങ്ങിയ തീരുമാനങ്ങള്‍ അവലോകനയോഗത്തില്‍ എടുത്തു.
ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന യോഗം എന്‍. വിജയന്‍പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണിപ്പിള്ള അധ്യക്ഷനായി.
പ്രസിഡന്റുമാരായ പി.കെ ലളിത, പി. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്. ശോഭ, സേതുലക്ഷ്മി, ശ്രീലേഖ വേണുഗോപാല്‍, എ.ഇ.ഒ അബ്ദുല്‍ റഹിം, ബി.പി.ഒ ടി. ബിജു, ജെ. ഷൈല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."