ജീവനാംശം നല്‍കണമെന്ന് നോട്ടിസ്; ഭാര്യയെയും കൂട്ടി ഗൃഹനാഥന് കോടതിയില്‍
മൂന്നാര്‍: നിരപരാധിത്വം തെളിയിക്കാന്‍ തന്റെ ഭാര്യയെ ഒപ്പം കൂട്ടി അഗസ്റ്റിന് കോടതിയിലെത്തി.
ഭാര്യയ്ക്കും മക്കള്‍ക്കും ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെടുന്ന കോടതി നോട്ടിസ് ലഭിച്ച മൂന്നാര്‍ കോളനി സ്വദേശി അഗസ്റ്റിന് ജോണ്‍സനാണ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ അഗസ്റ്റിന് താനല്ലെന്നു തെളിയിക്കാന്‍ ഭാര്യയുമായി കോടതിയിലെത്തിയത്. മറയൂര്‍ സ്വദേശിയായ യുവതി ദേവികുളം കോടതിയില്‍ നല്കിയ ജീവനാംശ കേസിനാണ് ഇതോടെ വഴിത്തിരിവുണ്ടായത്. തന്നെയും മക്കളെയും ഭര്‍ത്താവ് സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ച് ഇയാളില്‍നിന്നു ജീവനാംശം ഈടാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് 2014ലാണു യുവതി ദേവികുളം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.
ഭര്‍ത്താവായ അഗസ്റ്റിന് ജോണ്സണ് 55,000 രൂപ നല്‍കണമെന്ന് 2017ല്‍ കോടതി വിധിക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ തുക നല്‍കിയില്ലെന്നു മാത്രമല്ല, മറയൂരില്‍നിന്നു താമസം മാറുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഈയിടെ യുവതി നല്കിയ വിധി നടത്തിപ്പ് ഹരജിയിലാണ് മൂന്നാര്‍ കോളനിയിലെ സ്ഥിരതാമസക്കാരനായ അഗസ്റ്റിന് ജോണ്സണ് എന്നയാള്‍ക്ക് നോട്ടിസ് ലഭിച്ചത്. ഇതോടെ ആശയക്കുഴപ്പത്തിലായ അഗസ്റ്റിന്, അഭിഭാഷകന് മുഖാന്തരം കോടതിയിലെത്തി കാര്യങ്ങള്‍ ബോധിപ്പിച്ചു. നിജസ്ഥിതി അറിയാന്‍ ഹരജിക്കാരിയായ യുവതിയോടും നോട്ടിസ് കൈപ്പറ്റിയ അഗസ്റ്റിനോടും ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
മറയൂരില്‍നിന്നു താമസം മാറിയ ഭര്‍ത്താവിന്റെ വിലാസം യുവതി കോടതിയില്‍ തെറ്റായി നല്‍കിയതാണ് മൂന്നാര്‍ സ്വദേശിയായ അഗസ്റ്റിനു വിനയായത്. ഹരജിക്കാരിയായ യുവതി കോടതിയില്‍ ഹാജരായിരുന്നുമില്ല. ഇതേ തുടര്‍ന്ന് ദേവികുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് യുവതിയുടെ ഹരജി തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."