ഏലപ്പാറ-കൊച്ചുകരുന്തരുവി-പശുപ്പാറ റോഡ് തകര്‍ന്നു; ബസ്സുകള്‍ സര്‍വീസ് നിര്‍ത്തി
ഏലപ്പാറ: നാട്ടുകാരുടെ നടുവൊടിക്കുന്ന ഏലപ്പാറ-കൊച്ചുകരുന്തരുവി-പശുപ്പാറ റോഡിലൂടെ ബസ് സര്‍വീസുകളും കൂട്ടത്തോടെ നിര്‍ത്തി. ഇതോടെ ഇടിവെട്ടിയവനെ പാമ്പ് കടിച്ചെന്ന മാതിരിയായി നാട്ടുകാരുടെ ദുരിതം. നാളുകളായി പൂര്‍ണമായും തകര്‍ന്നു കിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ മേഖലയിലുള്ളവര്‍ അധികൃതരെ സമീപിച്ചെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. നാട്ടുകാരുടെ ആകെയുള്ള യാത്രാ ആശ്രയമായ ബസ് സര്‍വീസുകള്‍കൂടി നിന്നതോടെ ഇനിയെന്തു ചെയ്യണമെന്നറിയാതെ ആയിരിക്കുകയാണ് നൂറുകണക്കിന് കുടുംബങ്ങള്‍. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ബസുകള്‍ നിലച്ചത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു യാത്രക്കാര്‍ക്ക് കടുത്ത ദുരിതവും വന്‍ സാമ്പത്തിക നഷ്ടവും സമ്മാനിക്കും.
ഏലപ്പാറ-കൊച്ചുകരുന്തരുവി റോഡില്‍ വന്‍ ഗര്‍ത്തങ്ങള്‍ക്ക് പുറമെ പല സ്ഥലങ്ങളിലും ടാറിങ് തീരെ ഇല്ലാതായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതുവഴി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് റോഡിന്റെ ദുരവസ്ഥ മൂലം തുടര്‍ച്ചയായി തകരാറുകള്‍ സംഭവിക്കുന്നതും സാധാരണയില്‍ കൂടുതല്‍ ഇന്ധനച്ചെലവ് ഉണ്ടാകുന്നതും കണക്കിലെടുത്താണ് ഉടമകള്‍ ഓട്ടം നിര്‍ത്തിവച്ചത്.
ചെമ്മണ്ണ്, വാകക്കാട്, കീഴക്കേ ചെമ്മണ്ണ്, കൊച്ചുകരുന്തരുവി തുടങ്ങിയ തോട്ടം-കാര്‍ഷികമേഖലയിലെ ആയിരക്കണക്കിനു വരുന്ന സാധാരണക്കാരായ ജനങ്ങള്‍ ട്രിപ്പ് ജീപ്പ്, ഓട്ടോറിക്ഷകള്‍ എന്നിവയെ മാത്രം ആശ്രയിച്ചു യാത്ര ചെയ്യേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഏലപ്പാറയില്‍ നിന്നു പശുപ്പാറയ്ക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ നാലാംമൈലില്‍ എത്തിയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. ചീന്തലാര്‍, ഏലപ്പാറ എന്നിവിടങ്ങളിലെ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളാണ് വരും ദിവസങ്ങളില്‍ ഏറെ പ്രതിസന്ധിയിലാവുന്നത്. കൊച്ചുകരുന്തരുവിയില്‍ നിന്ന് 20 രൂപാ ട്രിപ്പ് ജീപ്പുകള്‍ക്ക് നല്‍കിയാലാണ് ഏലപ്പാറയില്‍ എത്താന്‍ കഴിയുക. രാവിലെയും വൈകീട്ടും 20 രൂപാ വീതം ദിവസേന 40 രൂപാ വാഹനക്കൂലി നല്‍കി കുട്ടികളെ സ്‌കൂളില്‍ പറഞ്ഞു വിടാന്‍ കഴിയാത്ത കുടുംബങ്ങളാണ് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നതില്‍ അധികവും.
ഏലപ്പാറയില്‍ എത്തിയശേഷം ഇവിടെനിന്നു കുട്ടിക്കാനത്തും വണ്ടിപ്പെരിയാറ്റിലും കുമളിയിലും കട്ടപ്പനയിലും പോയി പഠിക്കുന്ന കുട്ടികളും ധാരാളമാണ്. ഇവരെല്ലാം തന്നെ റോഡിന്റെ തകര്‍ച്ച മൂലം ബുദ്ധിമുട്ടിലായി. തകര്‍ന്ന റോഡിലൂടെ കാലവര്‍ഷക്കാലത്ത് ജീപ്പുകളിലും ഓട്ടോറിക്ഷകളിലും തിങ്ങിനിറഞ്ഞ യാത്രയും ഏറെ അപകടകരവുമാണ്. റോഡ് നിര്‍മാണത്തിനു ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെ വിവിധ സംഘടനകള്‍ സമരം നടത്തിയിരുന്നു. എന്നാല്‍, ബന്ധപ്പെട്ടവര്‍ അനുകൂല നടപടി സ്വീകരിച്ചില്ല. പീരുമേട് നിയോജക മണ്ഡലം പ്രതിനിധിയും നാട്ടുകാരുടെ ദുരവസ്ഥ കണ്ടില്ലെന്നു നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."