കൊല്ലത്തും പിങ്ക് പൊലിസ് വരുന്നു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കൊല്ലം: പിങ്ക് പൊലിസ് പട്രോളിങിന്റെ ജില്ലാതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍വഹിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിന് ജില്ലാതലത്തില്‍ പൊലിസ് നടപ്പാക്കുന്ന പുതിയ പദ്ധതിയാണ് പിങ്ക് പൊലിസ് പട്രോളിങ്. നിലവില്‍ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. സിറ്റി പൊലിസ് കമ്മിഷണര്‍ ഡോ. എസ് സതീഷ് ബിനോയുടെ മേല്‍നോട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് കഴിഞ്ഞ ജനുവരി 4ന് സിറ്റിയില്‍ പിങ്ക് പൊലിസ് പട്രോളിങ് ആരംഭിച്ചത്. നിലവില്‍ ഒരു വാഹനമാണ് ഓടുന്നതെങ്കിലും ഔദ്യോഗിക ഉദ്ഘാടനം കഴിയുന്നതോടു കൂടി വാഹനങ്ങളുടെ എണ്ണം രണ്ടായി മാറും.
അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ കണ്ട്രോള് റൂമാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പൊലിസ് ഉദ്യോഗസ്ഥരും വനിതകളാണെന്നുള്ളതാണ് പ്രത്യേകത. വാഹനങ്ങളില്‍ നിരീക്ഷണ കാമറകളും ഇലക്ട്രോണിക് ടാബുകളും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളും സജ്ജീകരിച്ചിരിക്കുന്നു. '1515' എന്ന ടോള്‍ഫ്രീ നമ്പരിലേക്കുവരുന്ന കോളുകള്‍ കണ്ക്രോള്റൂമിലെ കംപ്യൂട്ടര്‍ വഴി വാഹനങ്ങളുടെ ലൊക്കേഷനുസരിച്ച് അതാത് വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ടാബുകളിലെത്തുകയും വിവരം മനസിലാക്കി പിങ്ക് പട്രോളിങ് ടീം കൃത്യസ്ഥലത്തെത്തി പരാതികള്‍ പരിശോധിക്കും. സിറ്റി പൊലിസ് കണ്ട്രോള് റൂമിലാണ് പിങ്ക് പൊലിസ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നത്. സ്കൂള്‍, കോളജ്, മറ്റ് വിദ്യാഭാസ സ്ഥാപനങ്ങള്‍, വനിതാഹോസ്റ്റലുകള്‍, കുട്ടികളും വനിതകളും തടിച്ചുകൂടുന്ന സ്ഥലങ്ങള്‍ എന്നിവിങ്ങളിള് പട്രോളിങ്ങ് നടത്തുക, പൂവാല ശല്യം തടയുക, ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന കുട്ടികളെ നിരീക്ഷിച്ച് നടപടിയെടുക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി മരുന്ന് ഉപയോഗത്തെ സംബന്ധിച്ച് വിവരം ശേഖരിക്കുക തുടങ്ങിയവയാണ് പിങ്ക് പൊലീസിന്റെ പ്രധാന ചുമതലകള്‍.
നിലവില്‍ ഒരു വനിതാ എസ്.ഐയും 11 വനിതാ പോലിസ് ഉദ്യോഗസ്ഥരും അടങ്ങുന്ന ടീമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."