നിയമ പോരാട്ടത്തിലൂടെ നേടിയെടുത്ത ബസ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്തു
മഞ്ചേരി: ഹാഫ് കിടങ്ങഴിയില്‍ നിയമ പോരാട്ടത്തിലൂടെ നേടിയെടുത്ത ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം പി.കെ ജംഷീന നിര്‍വഹിച്ചു.ചെമ്പക്കുന്ന് പത്തിരിക്കാലന്‍ ഇബ്രാഹിമിന്റെ മകള്‍ ജംഷീന തന്നെയാണ് ഇതിനായി കഴിഞ്ഞ ആറു മാസത്തോളം നിയമ പോരാട്ടം നടത്തിയിരുന്നത്.
ഹാഫ് കിടങ്ങഴിയില്‍ നിന്നു ബസ് കയറാന്‍ 400 മീറ്റര്‍ നടന്ന് പുല്ലൂരിലോ 700 മീറ്റര്‍ താണ്ടി കിടങ്ങഴിയിലോ പോവണമായിരുന്നു. സ്ത്രീകളും വിദ്യാര്‍ഥികളുമുള്‍പ്പെടെ നൂറുക്കണക്കിനു പേര്‍ക്കു കാലങ്ങളായുള്ള ഈ ദുരിതം ഒഴിവാക്കികൊടുക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലാണ് പി.കെ ജംഷീന.
ഹാഫ് കിടങ്ങഴിയില്‍ ബസ് സ്റ്റോപ്പില്ലാത്തതു മൂലമുള്ള പ്രദേശത്തുകാരുടെ പ്രയാസം മനസിലാക്കിയ യുവതി ബസുകാരോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നങ്കിലും ഫലംകണാത്തതിനെ തുടര്‍ന്നാണ് ബസ് സ്റ്റോപ്പിനായി പ്രയത്‌നം തുടങ്ങിയിരുന്നത്. പൊലിസ് , ആര്‍.ടി.ഒ എന്നിവര്‍ക്ക് 2016 നവംബര്‍ 28 ന് പരാതി നല്‍കി. ഇതിന് പുറമെ കൗണ്‍സിലര്‍ ഷീബാ രാജന്റെ സഹായത്തോടെ 1834 പേര്‍ ഒപ്പിട്ട നിവേദനവും നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നടപടി സ്വീകരിച്ചു. പിന്നീട് തുടര്‍ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ പൂര്‍ത്തീകരിക്കുകയും ചെയ്തു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പ്രദേശത്തെ നൂറുകണക്കിനു പേരുടെ സാനിധ്യത്തിലായിരുന്നു ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം. ഇന്നലെ മുതല്‍ ഹാഫ് കിടങ്ങഴിയില്‍ നിന്നു ബസ് കേറാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു വിദ്യാര്‍ഥികളും മറ്റു യാത്രക്കാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."