ജില്ലയിലെ തൊണ്ടിവാഹനങ്ങളുടെ മോചനത്തിനു വഴിയൊരുങ്ങുന്നു
പെരിന്തല്‍മണ്ണ: വിവിധ കേസുകളില്‍പ്പെട്ട് പൊലിസ് പിടികൂടിയ തൊണ്ടിവാഹനങ്ങള്‍ ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ പുനരാരംഭിച്ചു. ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലും ഡംപിങ് യാര്‍ഡുകളിലും തുരുമ്പെടുത്തു നശിക്കുന്ന വാഹനങ്ങളാണു ലേലത്തിലൂടെ നീക്കം ചെയ്യാന്‍ വീണ്ടും നടപടിയാകുന്നത്.
ലേലവുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ്, പൊലീസ്, റവന്യു വകുപ്പ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ പരിശോധന പൂര്‍ത്തിയാക്കി. ആദ്യഘട്ടത്തില്‍ ലേലം ചെയ്യേണ്ട മൂവായിരത്തോളം വാഹനങ്ങളുടെ പട്ടികയും കുറഞ്ഞ വിലയും തയാറാക്കിക്കഴിഞ്ഞു. ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങളാണ് ലേലത്തിലൂടെ നീക്കം ചെയ്യുക.
രണ്ടുവര്‍ഷം മുമ്പ് തിരൂര്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ വിവിധ സ്റ്റേഷനുകളില്‍ കൂട്ടിയിട്ട തൊണ്ടിവാഹനങ്ങള്‍ ലേലം ചെയ്തു നീക്കിയിരുന്നു. എന്നാല്‍, പിന്നീട് ലേലനടപടികള്‍ നിലച്ചു. പൊലിസ് സ്റ്റേഷന്‍ പരിസരങ്ങളിലും ജനവാസകേന്ദ്രങ്ങളിലും തൊണ്ടിവാഹനങ്ങള്‍ നിറഞ്ഞുകവിഞ്ഞതോടെയാണ് ബന്ധപ്പെട്ട വകുപ്പുകള്‍ ലേലനടപടികള്‍ പുനരാരംഭിക്കുന്നത്.
കോടിക്കണക്കിനു രൂപയുടെ തൊണ്ടിവാഹനങ്ങളാണ് നിലവില്‍ വിവിധ സ്റ്റേഷനുകളിലും യാര്‍ഡുകളിലും തുരുമ്പെടുത്തു നശിക്കുന്നത്. ജില്ലയിലെ 29 പൊലിസ് സ്റ്റേഷനുകളിലും 12 സര്‍ക്കിള്‍ ഓഫിസുകളിലുമായി ഇരുപതിനായിരത്തോളം തൊണ്ടിവാഹനങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നതായാണ് കണക്ക്. ഇരുചക്ര വാഹനങ്ങള്‍ മുതല്‍ ഒരുകോടിയോളം രൂപ വിലയുള്ള ആഡംബര കാറുകള്‍വരെ സ്റ്റേഷന്‍ പരിസരത്ത് തുരുമ്പെടുത്തു നശിക്കുന്നുണ്ട്.
കുറ്റിപ്പുറം, പൊന്നാനി അടക്കമുള്ള സ്റ്റേഷനുകളിലാണ് കൂടുതല്‍ വാഹനങ്ങള്‍. മണല്‍ക്കടത്തിനിടെ പിടിക്കപ്പെട്ട ഓട്ടോറിക്ഷകള്‍ മുതല്‍ ലോറികള്‍ വരെ ഉടമസ്ഥര്‍ തിരിച്ചെടുക്കാത്തതിനാല്‍ കൂട്ടിയിട്ട നിലയിലാണ്. ഇരുമ്പുവിലയ്ക്കു തൂക്കിവില്‍ക്കാന്‍ പാകത്തിലാണ് ഭൂരിഭാഗം വാഹനങ്ങളും.
വാഹനങ്ങള്‍ മാലിന്യമായി മാറുന്ന അവസ്ഥ പ്രദേശത്തെ ജനജീവിതത്തെയും ബാധിക്കുന്നുണ്ട്. തൊണ്ടിവാഹനങ്ങള്‍ ഇടയ്ക്കിടെ അഗ്‌നിക്കിരയായി നശിക്കുന്നതും കോടികളുടെ നഷ്ടമുണ്ടാക്കുന്നു. കുറ്റിപ്പുറത്ത് മാത്രം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ആയിരത്തോളം വാഹനങ്ങളാണ് വിവിധ സമയങ്ങളില്‍ നടന്ന അഗ്നിബാധകളില്‍ കത്തിനശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."