സ്വന്തം ഭൂമി ഉണ്ടായിട്ടും അനാഥരായി ജീവിക്കുകയാണ് ഒരു കുടുംബം
മുക്കം(കോഴിക്കോട്): സ്വന്തമായി ഭൂമിയുണ്ടായിട്ടും കാരശേരി പഞ്ചായത്തിലെ നാഗേരി കുന്നത്ത് വീട്ടില്‍ പ്രമോദും കുടുംബവും അനാഥത്വത്തിന്റെ തടവറയിലാണ്. 10 സെന്റ് സ്ഥലവും അതിലൊരു കുടിലുമുണ്ടെങ്കിലും കിടപ്പാടം ഇല്ലാത്തവരെപോലെ കഴിയേണ്ടി വരുന്നുവെന്ന ദുര്‍ഗതിയിലാണ് പട്ടിക ജാതിക്കാരനായ പ്രമോദും ഭാര്യയും മൂന്ന് കുട്ടികളും.
തലമുറകളായി കൈമാറിക്കിട്ടിയ ഭൂമിയുടെ രേഖകള്‍ സംബന്ധിച്ചുള്ള പ്രശ്‌നങ്ങളാണ് ഈ കുടുംബത്തെ ദുരിതത്തിലാക്കുന്നത്. പ്രമോദിന്റെ മുത്തച്ഛന്‍ ചേന്നന്‍ വിലകൊടുത്ത് വാങ്ങിയതാണ് നിലവില്‍ ഇവര്‍ താമസിക്കുന്ന സ്ഥലം. എന്നാല്‍ അറിവില്ലായ്മ കൊണ്ട് അന്ന് സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ നടത്തിയിരുന്നില്ല.
ചേന്നനും കുടുംബവും മകന്‍ ചക്കനും കുടുംബവും കൈമാറി മൂന്നാം തലമുറയില്‍ പ്രമോദില്‍ എത്തിനില്‍ക്കുമ്പോഴും രേഖകളില്ലാത്ത ഭൂമിയായതിനാല്‍ ഈ കുടുംബത്തിന് സര്‍ക്കാരിന്റെ ആനുകൂല്യം ലഭിക്കുന്നില്ല.
ഇവര്‍ക്ക് ഭൂമി നല്‍കിയ ലങ്കയില്‍ അപ്പു 25 വര്‍ഷം മുന്‍പ് മരിച്ചു. എന്നാല്‍ അദ്ദേഹം തന്റെ അനന്തരാവകാശികള്‍ക്ക് നല്‍കിയ രേഖകളില്‍ നേരത്തെ ചേന്നനു നല്‍കിയ 15 സെന്റ് സ്ഥലം ഒഴിവാക്കിയാണ് നല്‍കിയതും. ഇതോടെ അപ്പുവിന്റെ പിന്‍മുറക്കാര്‍ക്കും ഒന്നും ചെയ്യാനായില്ല. ചാത്തമംഗലം രജിസ്ട്രാര്‍ ഓഫിസില്‍ 1938 ല്‍ തീറ് ലഭിച്ചതാണ് ഈ സ്ഥലമെന്ന് രേഖകളില്‍ പറയുന്നു.
ലങ്കയില്‍ കുടുംബം ഈ വസ്തു സംബന്ധിച്ച് ഒരു അവകാശവും ഉന്നയിച്ചിട്ടില്ല എന്നത് പ്രതീക്ഷക്ക് വക നല്‍കുന്നുണ്ടെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ നിരവധിയുണ്ട്.
രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ഈ കുടുംബത്തിന് വൈദ്യുതിയോ റേഷന്‍ കാര്‍ഡോ കക്കൂസ് പോലും ഉണ്ടാക്കാനോ സാധിച്ചിട്ടില്ല. തെങ്ങുകയറ്റ തൊഴിലാളിയായ പ്രമോദിന് ആരോഗ്യ പ്രശ്‌നം കാരണം പല ദിവസങ്ങളിലും ജോലിക്കു പോകാനും കഴിയാറില്ല.
ദുരിതം കണ്ടറിഞ്ഞ് ഇവരുടെ ഭൂമിയുടെ രേഖകള്‍ ക്രമപ്പെടുത്താന്‍ നാട്ടുകാര്‍ രംഗത്തിറങ്ങി ജനപ്രതിനിധികളെയും റവന്യൂ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും കണ്ടു പരാതി നല്‍കിയെങ്കിലും പരിഹാരം മാത്രം ഇതുവരെ ഉണ്ടായിട്ടില്ല.
സര്‍ക്കാര്‍ ഭൂമി പോലും വ്യാജ രേഖകളുണ്ടാക്കി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്ന സംസ്ഥാനത്താണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഒരു കുടുംബം പതിറ്റാണ്ടുകളായി സ്വന്തം കിടപ്പാടത്തിന്റെ രേഖകളുടെ സാങ്കേതികതകളില്‍ കുടുങ്ങി തെരുവില്‍ കഴിയുന്നതിന് സമാനമായി ജീവിതം തള്ളിനീക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."