ഇന്ത്യന്‍ ജയിലുകളുടെ സാഹചര്യങ്ങളെ കുറിച്ച് ചോദിക്കുന്നത് നിര്‍ത്തണം: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയോട് നരേന്ദ്ര മോദി
ലണ്ടന്‍: ഇന്ത്യന്‍ ജയിലുകളിലെ സാഹചര്യങ്ങളെ കുറിച്ച് ആശങ്കപ്പെടുന്നത് അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയോട് ആവശ്യപ്പെട്ടു. വിവാദ വ്യവസായി വിജയ് മല്യയെ വിട്ടുകിട്ടാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളുമായി ബന്ധപ്പെട്ടാണ് മോദി മേയോട് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ഇരുവരും നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഇന്നലെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പുറത്തുവിടുകയായിരുന്നു.
ഇന്ത്യന്‍ ജയിലുകളിലെ സാഹചര്യം അത്യധികം ദയനീയമാണെന്ന് വിജയ് മല്യ ബ്രിട്ടീഷ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇന്ത്യന്‍ ജയിലുകളിലെ സാഹചര്യങ്ങളെ കുറിച്ച് ബ്രിട്ടീഷ് കോടതികള്‍ ചോദ്യമുന്നയിക്കുന്നത് ശരിയല്ലെന്നും മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു പോലെയുള്ള നമ്മുടെ നേതാക്കള്‍ കിടന്ന ജയിലുകള്‍ തന്നെയാണ് ഇപ്പോഴും രാജ്യത്തുള്ളതെന്നും മോദി തെരേസാ മേയോടു പറഞ്ഞു.ഏപ്രിലില്‍ നടന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ ചോഗം ഉച്ചകോടിക്കിടെയാണ് നരേന്ദ്ര മോദിയും തെരേസാ മേയും കൂടിക്കാഴ്ച നടത്തിയത്. മല്യയെ വിട്ടുകിട്ടാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെ ജയിലുകളിലെ സ്ഥിതിഗതികള്‍ കൂടി വിലയിരുത്തിയ ശേഷം മല്യയെ വിട്ടുനല്‍കുന്ന നടപടികള്‍ കൈക്കൊള്ളുമെന്നാണ് കേസ് പരിഗണിക്കുന്ന ബ്രിട്ടീഷ് കോടതി വ്യക്തമാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."