വനിതാ ജീവനക്കാര്‍ക്ക് പിങ്ക് യൂനിഫോം; ഉത്സവ പ്രതീതിയുമായി കിഴക്കേനട ബൂത്ത്
ആലപ്പുഴ : കയറിച്ചെല്ലുന്ന ആരും ആദ്യം ഒന്ന് അമ്പരക്കും. നിറയെ ബലൂണ്‍ കൊണ്ട് അലങ്കരിച്ച വലിയ ആര്‍ച്ച്. കൂടാതെ നൂറോളം പേര്‍ കസേരയില്‍ സുഖമായി ഇരിക്കുന്നു. ക്യൂ ഇല്ല. ബഹളമില്ല. ഒരു പോളിങ് ബൂത്ത് ആണ് ഇതെന്ന് ഉള്ളില്‍ ചെല്ലുമ്പോള്‍ മാത്രമാണ് അറിയുക.
വോട്ടെടുപ്പ് ഹൃദ്യമായ അനുഭവമാക്കാനും വോട്ടര്‍ക്ക് പരമാവധി പ്രാധാന്യം നല്‍കാനും തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ ഒരുക്കുന്ന സ്ത്രീ സൗഹൃദ മാതൃകാ പോളിങ് സ്റ്റേഷനായ ചെങ്ങന്നൂര്‍ കിഴക്കേ നട ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ 46-ാം നമ്പര്‍ ബൂത്താണ് വ്യത്യസ്തത കൊണ്ട് ഏറെ ശ്രദ്ധേയമായത്. ചെറിയ മഴ പെയ്തുകൊണ്ടിരുന്നെങ്കിലും ബൂത്തിലെത്തുന്നവര്‍ക്ക് ഇതൊന്നും അറിയാതെ വോട്ടു ചെയ്യാനുള്ള അവസരം ഇവിടെ ഒരുക്കിയിരുന്നു.
സ്ത്രീ സൗഹൃദ ബൂത്തുകളുംകൂടിയായതിനാല്‍ പൊലീസ് ഉള്‍പ്പടെ പോളിങ് ഉദ്യോഗസ്ഥരെല്ലാം വനിതകള്‍ എന്ന പ്രത്യേകതയും ഇവിടെയുണ്ട്. 11 മണിക്കുതന്നെ 26.5 ശതമാനം പോളിങ് ഇവിടെ പൂര്‍ത്തിയായിരുന്നു. പ്രിസൈഡിങ് ഓഫിസര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും പിങ്ക് യൂനിഫോം എന്നതും എടുത്തുപറയാവുന്ന പ്രത്യേകതയായി.
വികലാംഗരെ വോട്ടുചെയ്യാന്‍ ബൂത്തിലെത്തിക്കാന്‍ വീല്‍ചെയറും ഇവിടെ സദാ റഡി. ബൂത്തില്‍ പ്രവേശിക്കുന്നയിടം മുതല്‍ ഏതൊക്കെ ഭാഗത്തേക്കാണ് പോകേണ്ടതെന്ന ദിശാസൂചകങ്ങള്‍, കുടിവെള്ളത്തിന് പ്രത്യേക സംവിധാനം, ടോയ്‌ലറ്റുകള്‍, വിശ്രമസ്ഥലം, മെഡിക്കല്‍ സംഘം തുടങ്ങിയ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിരുന്നു.
അമ്മമാര്‍ക്കായി ഫീഡിങ് റൂമും തയ്യാറാക്കി. ചെങ്ങന്നൂരില്‍ അഞ്ച് മാതൃകാ പോളിങ് സ്റ്റേഷനുകളും 10 സ്ത്രീ സൗഹൃദ പോളിങ് സ്റ്റേഷനുകളുമാണ് ഉണ്ടായിരുന്നത്.
വോട്ട് ചെയ്യാനെത്തിയവര്‍ക്ക് പ്ലാവിന്‍ തൈകളും കിഴക്കേനട യു.പി.സ്‌കൂളിലെ മാതൃകാ ബൂത്തില്‍ വോട്ട് ചെയ്ത് മടങ്ങുന്നവര്‍ക്ക് വൃക്ഷത്തൈയും നല്‍കി. എന്‍.എസ്.എസ്. വാളണ്ടിയര്‍മാരാണ് വൃക്ഷത്തൈ നല്‍കുന്നതിന്റെ ചുമതല നിര്‍വഹിച്ചത്. വോട്ട് ചെയ്തതിന് ജില്ലാ കളക്ടറുടെ നന്ദി കാര്‍ഡും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."