നിപാ: വൈറോളജി ലാബ് തുടങ്ങണമെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം:മെഡി. കോളജില്‍ പ്രത്യേക ഐസലേഷന്‍ ബ്ലോക്കും വേണമെന്ന് ആവശ്യം
കോഴിക്കോട്: നിപാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് വൈറോളജി ലാബും മെഡിക്കല്‍ കോളജില്‍ പ്രത്യേക ഐസലേഷന്‍ ബ്ലോക്കും തുടങ്ങണമെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ്, കൗണ്‍സിലര്‍മാരായ പി. കിഷന്‍ചന്ദ്, നമ്പിടി നാരായണന്‍ എന്നിവര്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ ആവശ്യങ്ങള്‍ പ്രമേയമായി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അറിയിച്ചു.
നിപാ ജനങ്ങളില്‍ വലിയരീതിയില്‍ ഭീതി ഉളവാക്കിയിട്ടുണ്ട്. ബസിലും റെയില്‍വേ സ്റ്റേഷനുകളിലും പോലും ആളില്ല. പരമാവധി കാര്യങ്ങള്‍ സര്‍ക്കാരും നഗരസഭയും ചെയ്യുന്നുണ്ടെന്നും കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ.ഗോപകുമാറിന്റെ മുഴുവന്‍ സമയപ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും മേയര്‍ വിലയിരുത്തി. ജാഗ്രതാസമിതികള്‍ വിളിച്ച് ചേര്‍ത്ത് മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
നിപാ വൈറസ് ബാധയില്‍ ജനങ്ങള്‍ ഭയത്തിലാണെന്ന് നമ്പിടി നാരായണന്‍ ചൂണ്ടിക്കാട്ടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കുന്നുകൂടുന്ന പ്രശ്‌നത്തെ ഗൗരവമായി കാണണം. ആര്‍ട്‌സ് കോളജിന് സമീപം, രാമകൃഷ്ണ മിഷന്‍ സ്‌കൂളിന് സമീപം, ബൈപാസ് എന്നിവിടങ്ങളിലെ മാലിന്യം നീക്കം ചെയ്യണം. വാര്‍ഡ് തലത്തില്‍ വ്യാപകമായി മാലിന്യം ഇല്ലാതാക്കാന്‍ ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം വൈറസ് ബാധ ചികിത്സയ്ക്ക് പ്രത്യേക ആശുപത്രി ഉത്തമമാണെന്ന് പി. കിഷന്‍ചന്ദ് പറഞ്ഞു. നഗരത്തില്‍ എലിപ്പനിയും ജപ്പാന്‍ ജ്വരവും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഗൗരവമായി കാണണം. മഴക്കാലത്ത് തെരുവുകച്ചവടക്കാര്‍ വൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഭക്ഷണവിതരണം നടത്തുന്നത് നിര്‍ത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലൈസന്‍സില്ലാത്ത കച്ചവടക്കാര്‍ ഭക്ഷണവിതരണം നടത്തുന്നുണ്ടെങ്കില്‍ നിര്‍ത്തലാക്കുമെന്ന് മേയര്‍ പറഞ്ഞു. നിപാ വൈറസുമായി ബന്ധപ്പെട്ട വ്യാജപ്രചാരണം വ്യാപാരമേഖലയെ തകര്‍ത്തതായി കൗണ്‍സിലര്‍ കെ.എം റഫീഖ് പറഞ്ഞു.
കോര്‍പറേഷന്റെ ശുചീകരണ തൊഴിലാളികള്‍ തന്നെ മാലിന്യങ്ങള്‍ ബീച്ചില്‍ തള്ളുന്നതായി കൗണ്‍സിലര്‍ സി.കെ. സീനത്ത് ആരോപിച്ചു. ബീച്ചില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ അന്വേഷിച്ച് ശക്തമായി നടപടിയുണ്ടാകുമെന്ന് മേയര്‍ ഉറപ്പുനല്‍കി. കൗണ്‍സിലര്‍മാരായ സി. അബ്ദുറഹ്മാന്‍, പി.കെ ശാലിനി, കെ. നിര്‍മല, വി. റാഹിയ, നിര്‍മല, കെ.കെ റഫീഖ്, എന്‍. സതീഷ് കുമാര്‍, മുഹമ്മദ് ഷമീല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."