നാടകീയതക്കൊടുവില്‍ പുതുപ്പാടിയില്‍ വീണ്ടും അംബിക മംഗലത്ത്
താമരശേരി: പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റായി അംബിക മംഗലത്ത് വീണ്ടും ചുമതലയേറ്റു. ഇന്നലെ രാവിലെ പഞ്ചായത്ത് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടത് അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ നാടകീയമായാണ് സ്ഥാനാരോഹണം നടന്നത്. അംബികക്കെതിവരേ അഴിമതി ആരോപണവുമായി ഇടത് അംഗങ്ങള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയി. കഴിഞ്ഞ ശനിയാഴ്ച പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും എല്‍.ഡി.എഫ് അംഗങ്ങള്‍ എത്താത്തതിനാല്‍ റിട്ടേണിങ് ഓഫിസര്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. ഇന്നലെയും തെരഞ്ഞെടുപ്പില്‍ നിന്ന് ഇടത് അംഗങ്ങള്‍ പ്രതിഷേധിച്ചിറങ്ങിപ്പോയതോടെ അംബികയെ പ്രസിഡന്റായി റിട്ടേര്‍ണിങ് ഓഫിസര്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഇടതുമുന്നണി അധികാരത്തിലിരിക്കുന്ന പഞ്ചായത്തില്‍ യു.ഡിഎഫിന്റെ അംഗങ്ങള്‍ പ്രസിഡന്റ് പദവിയിലെത്തുന്നത് മൂന്നാം തവണയാണ്. പട്ടികജാതി സംവരണ പദവി ആയതിനാലും പട്ടികജാതി സംവരണത്തില്‍ ഇടതുമുന്നണിയില്‍ ആളില്ലാത്തതിനാലും ആദ്യ ടേമില്‍ അംബികയെ സമന്വയത്തിലൂടെ പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇടതുമുന്നണിയുമായിട്ടുള്ള അസ്വാരസ്യം ഇവര്‍ക്കെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള സാഹചര്യത്തിലേക്കു വരെ എത്തിയിരുന്നു. എന്നാല്‍ അതിനു മുന്‍പുതന്നെ രാജിവച്ചതിനാല്‍ പ്രമേയം അവതരിപ്പിക്കേണ്ടി വന്നില്ല. തുടര്‍ന്ന് യു.ഡി.എഫിലെ ദലിത് ലീഗ് അംഗം കെ.കെ നന്ദകുമാര്‍ പ്രസിഡന്റായി. ഒന്നര വര്‍ഷം ഇദ്ദേഹവും തുടര്‍ന്നു. സര്‍ക്കാര്‍ ഫാമില്‍ ജോലി ലഭിച്ചതോടെ കെ.കെ നന്ദകുമാറും രാജിവച്ചു. ഇതോടെയാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
നിലവില്‍ അംബികക്കെതിരേ രണ്ട് അഴിമതികേസുകളുണ്ടെന്ന് ഇടത് അംഗങ്ങള്‍ ആരോപിക്കുന്നു. ഇവര്‍ക്കു പകരമായി യു.ഡി.എഫിലെ തന്നെ മറ്റൊരു ദലിത് അംഗത്തെ അംഗീകരിക്കാന്‍ ഒരുക്കമാണെന്നും ഇടതുനേതാക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."