ട്രഷറി കവര്‍ച്ചാശ്രമം: മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍
തളിപ്പറമ്പ്: തളിപ്പറമ്പ് സബ്ട്രഷറിയില്‍ കവര്‍ച്ചാശ്രമവും ലോട്ടറി സ്റ്റാളില്‍ നിന്ന് കവര്‍ച്ചയും നടത്തിയ മോഷ്ടാവ് അറസ്റ്റിലായി. മഹാരാഷ്ട്ര സത്താറ സ്വദേശിയും കൂട്ടുംമുഖം പന്ന്യാല്‍ ലിസിഗിരി പള്ളിക്ക് സമീപം പുളിമൂട്ടില്‍ ഹൗസില്‍ താമസക്കാരനുമായ സച്ചിന്‍ ചവാന്‍ നാത്തു(28)വിനെയാണ് ഇന്നലെ രാവിലെ ശ്രീകണ്ഠപുരത്തുവച്ച് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ കെ.ജെ വിനോയി, പ്രിന്‍സിപ്പല്‍ എസ്‌ഐ കെ. ദിനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 25ന് രാത്രിയായിരുന്നു കവര്‍ച്ച നടന്നത്. ട്രഷറിയുടെ പൂട്ട് പൊളിച്ച് സ്‌ട്രോങ് റൂമിനടുത്തു വരെ എത്തിയ മോഷ്ടാവ് കവര്‍ച്ച ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ലോട്ടറി സ്റ്റാളിന്റെ പൂട്ട് പൊളിച്ച് 30,000 രൂപയും ഒന്നര ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റും മോഷ്ടിച്ചത്. മഹാരാഷ്ട്രയില്‍ ജോലിചെയ്തിരുന്ന പന്ന്യാലിലെ മലയാളി നഴ്‌സിനെ പ്രണയവിവാഹം ചെയ്ത് ഒന്‍പത് വര്‍ഷം മുമ്പാണ് സച്ചിന്‍ കേരളത്തിലെത്തിയത്. ഈ ബന്ധത്തില്‍ മൂന്ന് മക്കളുമുണ്ട്. നിര്‍മാണ തൊഴിലാളിയായ സച്ചിന്‍ അമിതമായി മദ്യപിക്കുന്നയാളായതിനാല്‍ സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ടിലായിരുന്നു. ഭാര്യയുടെ പ്രസവസമയത്ത് ഒരാളില്‍നിന്ന് കടമായി വാങ്ങിയ 9000 രൂപ കൊടുക്കാന്‍ പ്രയാസപ്പെടുന്നതിനിടെ മകന്‍ സൈക്കിളിനും കൂടി ആവശ്യപ്പെട്ടതോടെ സമ്മര്‍ദത്തിലായി മോഷണം നടത്തി പണം കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സച്ചിന്‍ പൊലിസിനോട് പറഞ്ഞത്.
സംഭവദിവസം പകല്‍ തന്നെ ആക്‌സോബ്ലേഡും മറ്റും കടലാസില്‍ പൊതിഞ്ഞ് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ സൂക്ഷിക്കുകയും രാത്രി ഏഴരയോടെ തളിപ്പറമ്പിലെ ബിയര്‍ പാര്‍ലറില്‍നിന്ന് മദ്യപിച്ചശേഷം ട്രഷറിയില്‍ എത്തുകയുമായിരുന്നു.
പ്രധാന കവാടത്തിലെ പൂട്ട് മുറിച്ച് അകത്തുകടന്ന് സ്‌ട്രോങ് റൂമിലേക്കുള്ള കവാടം തുറന്നെങ്കിലും റും പൂട്ടി സീല്‍ ചെയ്തത് കണ്ടപ്പോള്‍ വൈദ്യുതി കടത്തിവിടുന്ന വയറാണെന്ന് തെറ്റിദ്ധരിച്ച് മോഷണ ശ്രമം ഉപേക്ഷിച്ചു. പിന്നീട് ബസ്സ്റ്റാന്റിലെത്തി ലോട്ടറി സ്റ്റാളിന് സമീപം നിന്നപ്പോള്‍ സ്റ്റാളുടമ പണം മേശയില്‍ വയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടു. രാത്രി പതിനൊന്നുവരെ അവിടെ ചുറ്റിത്തിരിഞ്ഞശേഷം ആളുകളെല്ലാം പോയെന്ന് ഉറപ്പുവരുത്തിയാണ് പൂട്ട് തകര്‍ത്ത് അകത്തുകടന്ന് പണവും ഒന്നരലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റും മോഷ്ടിച്ചത്. മോഷണം നടത്തിയ ലോട്ടറി ടിക്കറ്റുകള്‍ ശ്രീകണ്ഠപുരത്ത് വില്‍പ്പന നടത്തിയതാണ് പ്രതിക്ക് വിനയായത്.
കടം വാങ്ങിയ പണം കഴിഞ്ഞദിവസം അയച്ചുകൊടുത്തതായും മകന് സൈക്കിള്‍ വാങ്ങിയതായും പ്രതി സമ്മതിച്ചു. കൃത്യം നടത്തിയശേഷം പുലര്‍ച്ചെ ഒന്നോടെ 500 രൂപ ഓട്ടോക്കൂലി നല്‍കിയാണ് പ്രതി കൂട്ടുംമുഖത്തെ വീട്ടിലെത്തിയത്. പ്രതിയെ തളിപ്പറമ്പ് സബ്ട്രഷറിയിലും ലോട്ടറി സ്റ്റാളിലുമെത്തിച്ച് തെളിവെടുത്തു. ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ മോഷണത്തിനുപയോഗിച്ച ആക്‌സോ ബ്ലേഡ് ഫ്രെയിം കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."