മട്ടന്നൂര്‍ നഗരസഭ ബജറ്റ്: ലക്ഷ്യം സമഗ്രവികസനം
മട്ടന്നൂര്‍: സമഗ്ര വികസനം ലക്ഷ്യമിട്ട് മട്ടന്നൂര്‍ നഗരസഭയുടെ നാലാമത് ഭരണസമിതിയുടെ അവസാന ബജറ്റ് അവതരിപ്പിച്ചു. 11,51,99,0916 വരവും 96,71,85,500 ചിലവും 18,48,05,416 നീക്കിയിരിപ്പുമുള്ള ബജറ്റാണ് നഗരസഭ വൈസ് ചെയര്‍മാന്‍ കെ. ശോഭന അവതരിപ്പിച്ചത്.
നഗരസഭ ചെയര്‍മാന്‍ കെ ഭാസ്‌കരന്റെ ആമുഖ പ്രസംഗത്തോടെ ബജറ്റ് അവതരണം തുടങ്ങിയത്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കേന്ദ്ര റോഡ് ഫണ്ട് ബോര്‍ഡിന്റെ ധനസഹായത്തോടെ നഗര റോഡുകള്‍ വീതി കൂട്ടുകയും അണ്ടര്‍ ഗ്രൗണ്ട് ഇലക്ട്രിക് കേബിള്‍ സിസ്റ്റം, റോഡിന്റെ ഇരുവശവും പുല്‍ത്തകിടികളും, പൂന്തോട്ടങ്ങളും, പാര്‍ക്കിങ് സൗകര്യങ്ങള്‍, ബസ് ബേകള്‍ എന്നിവയുള്‍ക്കൊള്ളുന്ന സമഗ്ര ഗതാഗത പരിഷ്‌കരണം നടത്താനാണ് ബജറ്റില്‍ നിര്‍ദേശമുള്ളത്. സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് 30 ലക്ഷം, എസ്.എസ്.എ ഫണ്ടിന്റെ നഗരസഭ വിഹിതമായി 15 ലക്ഷം രൂപയുമാണ്.
നഗരസഭയിലെ സി.എച്ച്.സി, ആയൂര്‍വേദ ഡിസ്‌പെന്‍സറി, മരുതായി ഹോമിയോ ഡിസ്‌പെന്‍സറി എന്നിവയ്‌ക്കെല്ലാമായി 40 ലക്ഷം, വനിതകളുടെ ക്ഷേമത്തിന് 50 ലക്ഷം, അങ്കന്‍വാടികളുടെ അറ്റകുറ്റ പ്രവൃത്തികള്‍ക്ക് 50 ലക്ഷം, കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍, അങ്കന്‍വാടിയിലെ ശിശുക്കള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കുള്ള പോഷകാഹാരങ്ങള്‍ക്കായി 60 ലക്ഷം, പശ്ചാത്തല മേഖലക്ക് അഞ്ച് കോടി, ഉല്‍പാദന മേഖലക്ക് 50 ലക്ഷം, പാര്‍പ്പിട പദ്ധതിക്ക് ഒരു കോടി എന്നിങ്ങനെ നീക്കിവച്ചു.
ഇതില്‍ ഭദ്രതയുടെ കുടിശിക, ഇ എം എസ് പാര്‍പ്പിട പദ്ധതിയുടെ തിരിച്ചടവ്, പ്രധാനമന്ത്രി ആവാസ് യോജന പാര്‍പ്പിട പദ്ധതിയുടെ നഗരസഭ വിഹിതം എന്നിവയെല്ലാം ഉള്‍പ്പെടും.
നഗരസഭയിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി എന്നിങ്ങനെ നീക്കിവച്ചിട്ടണ്ട്. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം രൂപയും ആശ്രയ കുടുംബങ്ങളുടെ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് 20 ലക്ഷം രൂപയും ഭരണ നവീകരണ പ്രവര്‍ത്തങ്ങള്‍ക്ക് 25 ലക്ഷവും മാറ്റിവെച്ചു.
കൈമാറി കിട്ടിയ സ്ഥാപനങ്ങളായ കൃഷിഭവന്‍, മൃഗാശുപത്രി, മറ്റു ആശുപത്രികള്‍, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍, അങ്കന്‍വാടികള്‍ എന്നിവയുടെ അറ്റകുറ്റ പ്രവൃത്തികള്‍ക്കായി 30 ലക്ഷവും നഗരസഭക്ക് സര്‍ക്കാര്‍ പ്രത്യേകമായി അനുവദിക്കുന്ന നാല് കോടി 60 ലക്ഷം രൂപ ലിസ്റ്റ് ചെയ്യപ്പെട്ട 21 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍, സംരക്ഷണ പ്രവൃത്തികള്‍ എന്നിവയ്ക്ക് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതായി വൈസ് ചെയര്‍മാന്‍ കെ. ശോഭന ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."