കോട്ടയത്തെ ദുരഭിമാനക്കൊല: കെവിന്റേത് ജാതിക്കൊല: ദലിത് ചിന്തകര്‍
കോട്ടയം: പ്രണയവിവാഹിതനായ ദലിത് യുവാവിനെ വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം ജാതിക്കൊലപാതകമാണെന്ന് ദലിത് ചിന്തകര്‍.
പൊലിസ് സാന്നിധ്യത്തില്‍ നടന്ന ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. യുവാവിന്റെ കണ്ണുപോലും ക്രിമിനലുകള്‍ ചൂഴ്‌ന്നെടുത്തു. ഇത് കടുത്ത ജാതിവെറിയാണ്. ഗാന്ധിനഗര്‍ എസ്.ഐ എം.എസ് ഷിബുവും എ.എസ്.ഐയും ഗൂഢാലോചനയില്‍ പങ്കാളികളാണ്. ഇവരെ സസ്‌പെന്‍ഡ് ചെയ്തതുകൊണ്ടുമാത്രം നീതി കിട്ടില്ല. ഇവരെ പ്രതിചേര്‍ത്ത് ഉടന്‍ അറസ്റ്റ് ചെയ്യണം.
മെഡിക്കല്‍ കോളജിലെത്തിച്ച കെവിന്റെ മൃതദേഹം കാണാന്‍ പോലും ദലിത് നേതാക്കളെ അനുവദിച്ചില്ല. അധികാരത്തിന്റെ ബലത്തില്‍ പൊലിസിനെ കൂടെ നിര്‍ത്തി മൃതദേഹം ഏറ്റെടുക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തിയത്. കെവിന്‍ താമസിക്കുന്ന മാന്നാനത്തെ വീട് പ്രതികള്‍ക്ക് കാട്ടിക്കൊടുത്തതില്‍ ഗാന്ധിനഗര്‍ പൊലിസിനും പ്രാദേശിക നേതാക്കള്‍ക്കും പങ്കുണ്ട്. തട്ടിക്കൊണ്ടുപോകല്‍ നടക്കുമ്പോള്‍ ഗാന്ധിനഗര്‍ എസ്.ഐ 100 മീറ്റര്‍ പരിധിയിലുണ്ടെന്ന് പ്രതികള്‍ പറഞ്ഞതായി കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധു അനീഷിന്റെ മൊഴിയില്‍നിന്ന് വ്യക്തമാണ്.
രാഷ്ട്രീയ ഇടപെടലും പൊലിസ് സഹായവുമാണ് കെവിന്റെ ദാരുണ മരണത്തിലെത്തിച്ചത്. കെവിനെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ക്കകം പൊലിസില്‍ പരാതിയുമായെത്തിയതാണ്. ഈ സമയം പൊലിസ് പ്രതികളുമായി ടെലഫോണില്‍ സംസാരിച്ചതായും ആരോപണമുണ്ട്. എസ്.ഐയുടെ ഫോണ്‍വിളികള്‍ പരിശോധിക്കണം. എസ്.പിയെ മാറ്റിയത് ഉന്നത രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന സംശയം ബലപ്പെടുത്തുന്നു. ജാതിക്കൊലകള്‍ ആവര്‍ത്തിക്കരുത്. ഈ കേസില്‍ പ്രതികളെല്ലാം ശിക്ഷിക്കപ്പെടുന്നതുവരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകും. വാര്‍ത്താസമ്മേളനത്തില്‍ സണ്ണി എം കപിക്കോട്, കെ.എം സലിംകുമാര്‍, മൃദുല ദേവി, എം.കെ വിജയന്‍, വി.ഡി ജോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."