ഗസ്സയില്‍ ഇസ്റാഈലിന്റെ ഷെല്‍വര്‍ഷം
ഗസ്സ: ഫലസ്തീനിലെ വിവിധ കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്റാഈല്‍ വ്യോമാക്രമണ പരമ്പര. ഗസ്സ മുനമ്പിലാണ് ഇസ്റാഈല്‍ ആക്രമണമുണ്ടായത്. മേഖലയിലെ ഒരു ഹമാസ് താവളത്തിനു നേരെയും നാല് ഇസ്ലാമിക് ജിഹാദ് കേന്ദ്രങ്ങള്‍ക്കു നേരെയുമാണ് ആക്രമണമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
ഗസ്സയില്‍നിന്ന് തീവ്രവാദ സംഘങ്ങളുടെ മിസൈല്‍ ആക്രമണമുണ്ടായെന്ന് ആരോപിച്ചാണ് ഇസ്റാഈല്‍ പ്രത്യാക്രമണം നടന്നത്. ഗസ്സയില്‍നിന്ന് തെക്കന്‍ ഇസ്റാഈലിലേക്കു തൊടുത്തുവിട്ട നിരവധി റോക്കറ്റുകള്‍ തകര്‍ത്തതായി ഇസ്റാഈല്‍ സൈന്യം അവകാശപ്പെട്ടു. ഇസ്റാഈല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെത്തിയ 30ഓളം റോക്കറ്റുകള്‍ തിരിച്ചറിഞ്ഞ് സൈന്യത്തിന്റെ മിസൈല്‍ വേധ സംവിധാനം തകര്‍ക്കുകയായിരുന്നു. എന്നാല്‍, റോക്കറ്റ് ആക്രമണത്തിന്റെ അവകാശവാദമുന്നയിച്ച് ആരും രംഗത്തെത്തിയിട്ടില്ല.
ഗസ്സയ്ക്കു നേരെയുള്ള ആക്രമണത്തിനു തൊട്ടുപിറകെ ദക്ഷിണ ഇസ്റാഈല്‍ പ്രദേശങ്ങളില്‍ അപകടഭീഷണി മുഴക്കി നാട്ടുകാര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ഇസ്റാഈല്‍ മാധ്യമമായ ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീന് പ്രത്യാക്രമണത്തിനു സാധ്യതയുണ്ടെന്നു മുന്‍കൂട്ടിക്കണ്ടായിരുന്നു ഇത്.
തങ്ങളുടെ പൗരന്മാര്ക്കു നേരെയുള്ള ഒരു തരത്തിലുമുള്ള ഭീഷണികള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഇസ്റാഈല്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഇമ്മാനുവല്‍ നഹ്ഷോണ്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."