പൊലിസ് നയം ഉപതെരഞ്ഞെടുപ്പില്‍ ഇടതിന് തിരിച്ചടിയാകും
മലപ്പുറം: വര്‍ഗീയ കൊലപാതക കേസുകളില്‍ പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകള്‍ മലപ്പുറം ഉപതെരഞ്ഞടുപ്പില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാകും. ഇടതുപക്ഷം അധികാരത്തിലേറിയതിനുശേഷം ആര്‍.എസ്.എസുകാര്‍ പ്രതികളായ രണ്ട് വര്‍ഗീയ കൊലപാതകങ്ങളാണ് നടന്നത്.
ഇരുകേസുകളിലും പൊലിസ് ജാഗ്രത പാലിച്ചില്ലെന്ന് മാത്രമല്ല, പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചേര്‍ത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന ആരോപണവും ശക്തമാണ്. ഫൈസല്‍ വധക്കേസില്‍ പ്രതികളായ ആര്‍.എസ്.എസുകാര്‍ക്കെതിരേ ശക്തമായ നിലപാടെടുക്കുന്നതില്‍ പൊലിസ് വീഴ്ച വരുത്തിയപ്പോള്‍ പ്രശ്‌നം യഥാസമയം പരിഹരിക്കാതെ മുസ്‌ലിം ലീഗ്, സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളെ സമര രംഗത്തേക്കിറക്കിയതിനുശേഷമാണ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കാന്‍പോലും തയാറായത്. ഇത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരായ പ്രചാരണത്തില്‍ വലിയ മുന്‍തൂക്കമാണ് യു.ഡി.എഫിന് നല്‍കുന്നത്.
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറി ഒന്‍പത് മാസം പൂര്‍ത്തിയായപ്പോള്‍ തന്നെ 21 കൊലപാതകങ്ങളാണ് നടന്നത്. ഇവയെല്ലാം രാഷ്ട്രീയ കൊലപാതകത്തിന്റെ പട്ടികയിലാണ് ഇടം പിടിച്ചതെങ്കിലും മലപ്പുറം തിരൂരങ്ങാടിയിലെ ഫൈസല്‍ വധവും കാസര്‍കോട് റിയാസ് മുസ്‌ലിയാരുടെ കൊലപാതകവും ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതായിരുന്നു.
ഇതിനെതിരേ ശക്തമായ നടപടിയെടുക്കുന്നതിനുപകരം പൊലിസ് പ്രശ്‌നം വഷളാക്കുകയായിരുന്നെന്ന ആക്ഷേപവും ശക്തമാണ്. വിഷയം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നത് ഇടതുപക്ഷത്തിന് കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഫൈസലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന വിവിധ സംഘടനകളുടെ ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇതും സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. 'കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമില്ലെങ്കില്‍ എം.ബി ഫൈസലിന് വോട്ടുമില്ല ' എന്ന രീതിയിലാണ് പ്രചാരണം. അതേസമയം, ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് സി.പി.എം തന്നെ സമ്മതിച്ച സാഹചര്യത്തില്‍ എന്തുവിലകൊടുത്തും നിലവിലെ വോട്ടെങ്കിലും സ്വന്തമാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."