കുടിയന്‍'മാരെ കൊണ്ട് പൊറുതുമുട്ടി കാവിലുംപാറക്കാര്‍
'കുറ്റ്യാടി: കുടിയന്‍മാരെക്കൊണ്ട് അനുദിനം പൊറുതി മുട്ടുകയാണ് കാവിലുംപാറയിലെ ജനങ്ങള്‍. പഞ്ചായത്തിന്റെ സിരാകേന്ദ്രമായ തൊട്ടില്‍പ്പാലം ടൗണിലും പരിസര പ്രദേശത്തുമുള്ള പരസ്യമദ്യപാനവും തുടന്നുള്ള മദ്യപന്‍മാരുടെ പ്രകടനവുമാണ് ജനങ്ങള്‍ക്ക് ദുരിതമാകുന്നത്. ഇത് പ്രദേശവാസികളുടെ സൈ്വര്യവിഹാരത്തെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് പരാതി. അലക്ഷ്യമായി ഉപേക്ഷിക്കുന്ന മദ്യക്കുപ്പികളില്‍ തട്ടി വഴിനടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും നാട്ടുകാര്‍ പറയുന്നു. ഇങ്ങനെ നൂറുകണക്കിന് കുപ്പികളാണ് ടൗണിലും, കുണ്ടുതോട് അങ്ങാടിക്ക് സമീപത്തെ പറമ്പിലും കൂട്ടിയിട്ടിരിക്കുന്നത്.
കോടതി വിധിയെ തുടര്‍ന്ന് കുറ്റ്യാടി സംസ്ഥാന പാതയോരത്തുണ്ടായിരുന്ന ബിവറേജ് ഷാപ്പ് തൊട്ടില്‍പ്പാലത്തേക്ക് മാറ്റിയതോടെയാണ് പഞ്ചായത്തില്‍ മദ്യപശല്യം തുടങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെ തന്നെ കുടിച്ചെത്തിയ ഒരു മദ്യപന്‍ ടൗണിലെ ഫുട്പാത്തില്‍ വീണുകിടക്കുകയും ഇതുവഴി പോകേണ്ടവര്‍ക്ക് വഴിതടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു. അതേസമയം, പരസ്യമദ്യപാനം വ്യാപകമാണെന്നറിഞ്ഞിട്ടും പൊലിസ് നടപടിയെടുക്കാതെ കണ്ണടയ്ക്കുകയാണെന്ന പരാതിയുമുണ്ട്. ഇതിനിടെ മദ്യശാലയുടെ തൊട്ടുസമീപത്തായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്നിരുന്ന സിനിമാ ശാല കഴിഞ്ഞ മാസത്തോടെ താഴിടേണ്ടി വന്നു. മദ്യശാല കാരണം സ്ത്രീകളും കുട്ടികളടക്കമുള്ള കാണികള്‍ ഇവിടെ എത്താതായതോടെയാണ് ഉടമയ്ക്ക് സാമ്പത്തികനഷ്ടം കാരണം സിനിമാശാല പൂട്ടേണ്ടിവന്നത്. ടൗണിലെ കച്ചവടത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന് വ്യാപാരികളും പരാതി പറയുന്നു. അതേസമയം, ടൗണിലും പരിസത്തും മദ്യക്കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും അലക്ഷ്യമായി വലിച്ചെറിയപ്പെടുന്നത് പഞ്ചായത്തിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. നിലവിലുള്ള മാലിന്യങ്ങള്‍ തന്നെ സംസ്‌ക്കരിക്കാന്‍ സംവിധാനമില്ലാത്തപ്പോഴാണ് പുതിയ പ്രശ്‌നം പഞ്ചായത്തിനെ തേടിയെത്തിയിട്ടുള്ളത്. ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് വകവച്ച് കഴിഞ്ഞ വര്‍ഷമാണ് മദ്യശാല തൊട്ടിപ്പാലത്ത് തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."