കരിപ്പൂരില്‍ എഫ്.ടി.ഐ സംവിധാനം സ്ഥാപിക്കുന്നു
കൊണ്ടോട്ടി: വ്യോമഗതാഗത നിയന്ത്രണത്തിന്റെ ഭൂതല വാര്‍ത്താ വിനിമയ സംവിധാന ശാക്തീകരണം ലക്ഷ്യം വച്ച് ഫ്യൂറിസ്റ്റിക് ടെലികമ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍(എഫ്.ടി.ഐ) സംവിധാനം കരിപ്പൂരില്‍ സ്ഥാപിക്കുന്നു.
രാജ്യത്തെ ഭൂരിഭാഗം വിമാനത്താവളങ്ങളേയും ആധുനിക രീതിയില്‍ ബന്ധിപ്പിച്ച് നിലവിലെ വാര്‍ത്താ വിതരണത്തെ ശാക്തീകരിക്കുന്ന നവീന സംവിധാനമാണിത്. പൈലറ്റും എയര്‍ട്രാഫിക് കണ്‍ട്രോളും തമ്മിലുളള വാര്‍ത്താ വിനിമയ സംവിധാനത്തിനും സഹായകമാകുന്ന രീതിയിലാണ് പദ്ധതി ഒരുക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന വിവിധ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിവിധ സംവിധാനങ്ങള്‍ പരസ്പരം സഹകരിച്ചും പങ്കുവെച്ചും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സംവിധാനം സഹായിക്കും.
രാജ്യത്തിന്റെ വിവിധ വിമാനത്താവളങ്ങളില്‍ ഉപയോഗിക്കുന്ന സംവിധാനത്തിന്റെ കേന്ദ്ര നിയന്ത്രണം ഡല്‍ഹിയിലായിരിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി കമ്മ്യൂണിക്കേഷന്‍,നാവിഗേഷന്‍സ് സര്‍വെയലന്‍സ്(സി.എന്‍.എസ്) എന്നിവയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.അമേരിക്കന്‍ കമ്പനിയായ ഹാരിസ് കോര്‍പ്പറേഷന്‍ ആണ് രാജ്യവ്യാപകമായി നിര്‍മാണ ചുമതല ഏറ്റെടുത്തിട്ടുളളത്. ആറുമാസം കൊണ്ട് പദ്ധതി കമ്മിഷന്‍ ചെയ്യാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."