വാഹനാപകടം: പിഴയും തടവും ശിക്ഷ
കാഞ്ഞങ്ങാട്: മോട്ടോര്‍ സൈക്കിളില്‍ സ്വകാര്യ കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരുക്കേറ്റ കേസില്‍ കാര്‍ ഡ്രൈവര്‍ക്ക് തടവും പിഴയും ശിക്ഷ. ഇതിനുപുറമെ പരുക്കേറ്റ രണ്ടുപേര്‍ക്ക് 6,000 രൂപവീതം നഷ്ടപരിഹാരം നല്‍കാനും ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) പി. ഇന്ദു വിധിച്ചു.
രാവണീശ്വരം കൊട്ടിലങ്ങാട്ടെ ഇ.വി രാകേഷിനെ(29)യാണ് കോടതി പിരിയുംവരെ തടവിനും 1,000 രൂപ പിഴയടക്കാനും നഷ്ടപരിഹാരം നല്‍കാനും കോടതി ശിക്ഷിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 31ന് മിയന് ജങ്ഷനടുത്ത് വച്ച് രാകേഷ് ഓടിച്ച കെ.എല്‍ 60 എച്ച് 9105 നമ്പര്‍ കാര്‍ കെ.എല്‍ 14 എഫ് 9981 നമ്പര്‍ മോട്ടോര്‍ സൈക്കിളിലിടിച്ച് മോട്ടോര്‍ ഓടിച്ചിരുന്ന അസൈനാറിന്റെ പിറകിലിരുന്ന ഭാര്യ നബീസ(52), പേരമകന് മുഹമ്മദ് ഷഹസിദ്(4) എന്നിവര്‍ക്ക് പരുക്കേറ്റ കേസിലാണ് ശിക്ഷ.
കാല് നടയാത്രക്കാരന് സ്വകാര്യ ബസിടിച്ച് പരുക്കേറ്റ മറ്റൊരു കേസില്‍ ബസ് ഡ്രൈവര്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. കൂടാതെ അപകടത്തില്‍ പരുക്കേറ്റയാള്‍ക്ക് 6,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.
കാഞ്ഞങ്ങാട് അമ്പലത്തറ റൂട്ടിലോടുന്ന ഹരിശ്രീ ബസ് ഡ്രൈവര്‍ അയ്യങ്കാവിലെ എം. ലതീഷിനെ(36)യാണ് ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് പി. ഇന്ദു കോടതി പിരിയും വരെ തടവിനും 1,000 രൂപ പിഴയടക്കാനും 6,000 രൂപ നഷ്ടപരിഹാരം നല്‍കാനും ശിക്ഷിച്ചത്.
കഴിഞ്ഞ നവംബര്‍ രണ്ടിന് രാവിലെ അമ്പലത്തറ ബിദിയാല്‍ റോഡ് ജങ്ഷനടുത്ത് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന അമ്പലത്തറയിലെ കുഞ്ഞാമദിന്റെ മകന് കെ.പി ഹസൈനാറിനാണ് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."