പാമ്പല്ല ഇവിടെ പെരുമ്പാമ്പും വാഴും...തലപ്പിള്ളി താലൂക്ക് ഭരണസിരാകേന്ദ്രം: മദ്യപാനികളുടെ താവളം
വടക്കാഞ്ചേരി : നഗര ഹൃദയത്തിലെ തലപ്പിള്ളി താലൂക്ക് ഭരണ സിരാകേന്ദ്രമായ മിനി സിവില്‍ സ്റ്റേഷന് കെട്ടിട കോമ്പൗണ്ട് വന സമാനമായി കിടക്കുമ്പോഴും ശുചീകരണത്തിനു നടപടിയില്ലാത്തതില്‍ പ്രതിഷേധം.
ബാര്‍ അസോസിയേഷന് ഓഫിസിനു മുന്നില്‍ കുമ്പളങ്ങാട് റോഡിലെ ഓട്ടോ സ്റ്റാന്റിനോടു ചേര്‍ന്ന പ്രദേശങ്ങളാണു കാട്ടുപൊന്തകള്‍ വളര്‍ന്നു പടര്‍ന്നു സിവില്‍ സ്റ്റേഷന് കെട്ടിടത്തോളം ഉയരത്തില്‍ നിലകൊള്ളുന്നത്.
സിവില്‍ സ്റ്റേഷനിലേയ്ക്കുള്ള വൈദ്യുതി എത്തിയ്ക്കുന്ന ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിട്ടുള്ളതും ഇവിടെയാണ്.
ട്രാന്‍സ്ഫോര്‍മറും കാട്ടുവള്ളികളാല്‍ ചുറ്റപ്പെട്ടു പുറത്തു കാണാത്ത അവസ്ഥയിലെത്തിയിട്ടുണ്ട്. മദ്യ കുപ്പികള്‍ ഈ പ്രദേശത്തു നിറഞ്ഞു കിടപ്പാണ്.
കാട്ടുചെടികള്‍ വളര്‍ന്ന് വലുതായി കെട്ടിടം തന്നെ പുറത്തേയ്ക്കു കാണാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വിഷപാമ്പുകളെ കണ്ടെത്തുകയും ജുഡീഷ്യല്‍ ഓഫിസറുടെ കാലില്‍ പാമ്പു ചുറ്റുകയും ചെയ്തതിനെ തുടര്‍ന്നു കോടതിയ്ക്കു അവധി നല്കിയ അസാധാരണ സംഭവം റിപ്പോര്‍ട്ടു ചെയ്തിട്ടും ഉദ്യോഗസ്ഥരാരും ഉണര്‍ന്നു പ്രവര്ത്തിയ്ക്കുന്നില്ലെന്നതു വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തുകയാണ്.
2015 ജൂണ്‍ അഞ്ചിനാണു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സിവില്‍ സ്റ്റേഷന് നാടിനു സമര്‍പ്പിച്ചത് . അതിനു ശേഷം ഈ ബഹുനില കെട്ടിട പരിസരം ശുചീകരിച്ചിട്ടില്ലെന്നതാണു വസ്തുത. കഴിഞ്ഞ മാസം കോമ്പൗണ്ടിലെ കിണര്‍ മാലിന്യമയമായതു വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
കിണറില്‍ കക്കൂസ് മാലിന്യം കലര്‍ന്നതായും ആരോപണമുയര്‍ന്നിരുന്നു.
അന്നു വലിയ പ്രതിഷേധമുയര്‍ത്തിയ ജീവനക്കാരെല്ലാം ഇപ്പോള്‍ പ്രതി കൂട്ടില്‍ നില്ക്കുന്ന അവസ്ഥയാണ്. സബ്ബ് ട്രഷറി, മണ്ണ് സംരക്ഷണ ഓഫിസ്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ്, സബ് ആര്.ടി ഓഫിസ്, സാമൂഹ്യ നീതി വകുപ്പ് ഓഫിസ്, അസിസ്റ്റന്റ് ലേബര്‍ ഓഫിസ്, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫിസ്, താലൂക്ക് വ്യവസായ കേന്ദ്രം, സര്‍വേ സൂപ്രണ്ട് ഓഫിസ് തുടങ്ങിയ ഓഫിസുകളിലായി നിരവധി ജീവനക്കാര്‍ ജോലി ചെയ്യുന്ന ഓഫിസ് കോമ്പൗണ്ടിനാണു ഈ ഗതിയെന്നതു വലിയ ചര്‍ച്ചയ്ക്കു വഴിവെച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."