കര്‍ണാടക: ആഭ്യന്തരം കോണ്‍ഗ്രസിന്, ജെ.ഡി.എസിന് ധനകാര്യം
ബംഗളൂരു: ദിവസങ്ങള്‍ നീണ്ട തര്‍ക്കത്തിനും ചര്‍ച്ചക്കുമൊടുവില്‍ കര്‍ണാടകത്തില്‍ മന്ത്രിസഭാ നിര്‍ണയം സംബന്ധിച്ച് കോണ്‍ഗ്രസും ജെ.ഡി.എസും തമ്മില്‍ ധാരണയായി. കോണ്‍ഗ്രസിന് ആഭ്യന്തരവും ജെ.ഡി.എസിന് ധനകാര്യവും നല്‍കാനാണ് ധാരണ. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തന്നെയാകും ധനകാര്യം കൈകാര്യം ചെയ്യുക.
ആഭ്യന്തരം ഉപമുഖ്യമന്ത്രി ജി. പരമേശ്വരക്ക് ലഭിക്കാനാണ് സാധ്യത. 34 അംഗങ്ങളുള്ള മന്ത്രിസഭയില്‍ 22 മന്ത്രിസ്ഥാനം കോണ്‍ഗ്രസിനും 12 എണ്ണം ജെ.ഡി.എസിനുമെന്നാണ് ധാരണയായത്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവര്‍ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം വന്ന ശേഷമാണ് വകുപ്പുകളില്‍ ധാരണയായത്. വിദേശത്തുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിഡിയോ കോണ്‍ഫറന്‍സിലൂടെ അനുമതി നല്‍കിയതായി കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വേണുഗോപാല്‍ റാവു, ജെ.ഡി.എസ് നേതാവ് ഡാനിഷ് അലി എന്നിവര്‍ കര്‍ണാടകയിലേക്ക് തിരിച്ചതായാണ് വിവരം. ഇരു പാര്‍ട്ടികളും തമ്മില്‍ അഞ്ചുവട്ടം ചര്‍ച്ച നടത്തിയതിനു ശേഷമാണ് മന്ത്രിസ്ഥാനത്തില്‍ ധാരണയായതെന്ന് ഡാനിഷ് അലി പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, അശോക് ഗെലോട്ട്, അഹമ്മദ് പട്ടേല്‍, വേണുഗോപാല്‍ റാവു, ജെ.ഡി.എസ് നേതാക്കളായ ഡാനിഷ് അലി, എച്ച്.ഡി ദേവഗൗഡ. എച്ച്.ഡി കുമാരസ്വാമി എന്നിവരാണ് ഇതുസംബന്ധിച്ച കൂടിയാലോചനയില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."