'കുരുന്നുകൂട്ടുകാര്‍ക്ക് സുസ്വാഗതം' പ്രവേശനോത്സവം ആഘോഷമാക്കാനൊരുങ്ങി സ്‌കൂളുകള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അക്ഷരമുറ്റത്തെത്തുന്ന കുരുന്നുകളെ വരവേല്‍ക്കാനായി തലസ്ഥാനത്തെ സ്‌കൂളുകള്‍ എല്ലാം ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ തയാറെടുപ്പുകളാണ് നഗരത്തിലെ സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള നവീകരണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപണികളും പൂര്‍ത്തിയായി.
കോട്ടണ്‍ഹില്‍ ഗവ. എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കാംപസും പരിസരവും പൂര്‍ണമായി വൃത്തിയാക്കി കഴിഞ്ഞു. സ്‌കൂളും പരിസരവും തോരണങ്ങള്‍ നിറച്ചിട്ടുണ്ട്. ഇത്തവണ ക്രിയാത്മകമായ പരിപാടികളാണ് പ്രവേശനോത്സവത്തിനായി ഒരുക്കിയിട്ടുള്ളതെന്ന് അധികാരികള്‍ അറിയിച്ചു. മധ്യവേനലവധിക്ക് സ്‌കൂള്‍ അടയ്ക്കുന്ന സമയത്തേ പുതിയ അധ്യയന വര്‍ഷത്തേയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായാണ് ഇത്തവണത്തെ പ്രവേശനം.
നവാഗതരെ വരവേല്‍ക്കാനായി എല്‍.പി സ്‌കൂളുകളുകളാണ് കൂടുതല്‍ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. മിക്കയിടത്തും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും വന്യമൃഗങ്ങളുമടക്കമുള്ളവയുടെ ചിത്രങ്ങളുമായാണ് ക്ലാസ് മുറികള്‍ നവാഗതരെ വരവേല്‍ക്കുന്നത്. ക്ലാസ് മുറികളില്‍ മാത്രമല്ല, സ്‌കൂള്‍ മതിലുകളില്‍ വരെ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.
സ്‌കൂള്‍ പി.ടി.എകളുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ആദ്യ ദിവസം മധുരപലഹാരങ്ങള്‍ വിതരണം ചെയ്യും.
പഠനോപകരണങ്ങളും യൂനിഫോമും വില്‍ക്കുന്ന കടകളില്‍ രക്ഷിതാക്കളും കുട്ടികളും തിക്കിത്തിരക്കുന്ന കാഴ്ചയാണ് നഗരത്തിലെമ്പാടും ഇന്നലെയും കാണാന്‍ കഴിഞ്ഞത്. ഏപ്രില്‍ പകുതിയോടെ തന്നെ വിപണി സജീവമാണെങ്കിലും സ്‌കൂള്‍ തുറക്കാറായതോടെയാണ് തിരക്ക് മൂര്‍ധന്യാവസ്ഥയിലെത്തിയത്. ബാഗുകളില്‍ കുട്ടികളുടെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ പതിപ്പിച്ചവയാണ് ഏറെ വിറ്റുപോകുന്നത്. ഡോറ, സിന്‍ഡ്രല, ബെന്‍ ടെണ്‍, ഛോട്ടാബീം, മിക്കി മൗസ്, ആംഗ്രി ബേര്‍ഡ്‌സ് എന്നിവയെല്ലാം ബാഗുകളില്‍ നിറഞ്ഞിരിക്കുകയാണ്.
നോട്ട് ബുക്കുകളാണ് വിപണിയിലെ മറ്റൊരു താരം. 10 രൂപ മുതല്‍ 100 രൂപ വരെ വിലയുള്ള വ്യത്യസ്ത തരത്തിലുള്ള നോട്ട് ബുക്കുകളാണ് വില്‍പ്പനയ്ക്കുള്ളത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കമ്പനി പ്രത്യേകം പറഞ്ഞാണ് കുട്ടികള്‍ ബുക്കുകള്‍ വാങ്ങുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ തിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് കച്ചവടക്കാര്‍ പ്രതീക്ഷിക്കുന്നത്.
സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷനാകും. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, എ. സമ്പത്ത് എം.പി, സി. ദിവാകരന്‍ എം.എല്‍.എ, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ ഐ.എ.എസ് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."