കര്‍ണാടകയിലേക്ക് ദിനംപ്രതി 60 ചരക്കു വാഹനങ്ങള്‍ മാത്രം
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ വഴി കര്‍ണാടകയിലേക്ക് അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്നതിനായി പോകുന്ന വാഹനങ്ങളുടെ എണ്ണം നിജപ്പെടുത്തി. ദിനംപ്രതി 60 ചരക്ക് വാഹനങ്ങള്‍ മാത്രമാണ് കര്‍ണാടകയിലേക്ക് കടത്തിവിടുന്നത്. കര്‍ണാടകയുടെ നിര്‍ദേശപ്രകാരമാണ് നടപടി. മീഡിയം, ഹെവി വാഹനങ്ങളുടെ എണ്ണം 60-ആയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.
പാസ്മുഖേനയാണ് നിയന്ത്രണം. ഇവിടെ നിന്നും പോകുന്ന വാഹനങ്ങള്‍ക്ക് മുത്തങ്ങ തകരപ്പാടിയില്‍ നിന്ന് ആര്‍.ടി.ഒയും, ആരോഗ്യവകുപ്പും നല്‍കുന്ന പാസ് ഓണ്‍ലൈനായി നൂല്‍പ്പുഴ വില്ലേജ് ഓഫിസില്‍ നിന്നും ചാമരാജ് ജില്ലാ പൊലിസ് മേധാവിക്ക് അയക്കും. അവിടുന്ന് അനുമതി ലഭിക്കുന്ന മുറക്കാണ് കടത്തിവിടുക. കൂടാതെ വാഹനത്തില്‍ ഡ്രൈവറും ക്ലീനറും മാത്രമേ പാടുള്ളൂ. ഒരു പാസ് ഒരു തവണ മാത്രമേ ഉപയോഗിക്കാവൂ. കൂടാതെ രാത്രിയില്‍ കര്‍ണാടകയില്‍ തങ്ങാതെ വൈകുന്നേരത്തിനുമുന്നേ സാധനങ്ങളുമായി മടങ്ങുകയും വേണം.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കേരളത്തിലേക്കുള്ള ചരക്ക് വാഹനങ്ങളും കര്‍ണാടക തടഞ്ഞിരുന്നു. തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കുറച്ച് വാഹനങ്ങള്‍ മുത്തങ്ങ വഴി കടത്തിവിടാന്‍ ധാരണയിലെത്തിയത്. ഇതിനുപുറമെ കാസര്‍കോട്, കണ്ണൂര്‍ അതിര്‍ത്തികള്‍ കര്‍ണാടക അടക്കുക കൂടി ചെയ്തതോടെ കൂടുതല്‍ വാഹനങ്ങള്‍ മുത്തങ്ങ വഴി എത്തുന്നതും പ്രശ്‌നമായിട്ടുണ്ട്. അവശ്യസര്‍വിസായ ചരക്ക് ഗതാഗതം കര്‍ണാടക തടസപ്പെടുത്തുന്നതിനെതിരേ മുഖ്യമന്ത്രിതന്നെ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രഇടപെടലിനായി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ചരക്ക് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത് അവശ്യസാധനങ്ങളുടെ ക്ഷാമത്തിന് കാരണമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."