സ്കൂള്‍ മോഹങ്ങള്‍ ബാക്കിവച്ച് ഹാനിയേല്‍ യാത്രയായി
പള്ളുരുത്തി: പുതിയ അധ്യയന വര്‍ഷത്തില്‍ പുത്തന്‍ യൂണിഫോമും ബാഗും പുസ്തകങ്ങളുമായി അക്ഷര ലോകത്തേക്ക് കാല്വെക്കേണ്ടിയിരുന്ന ഹാനിയേല്‍ മോഹങ്ങള്‍ ബാക്കിവച്ച് പുതിയ ലോകത്തേക്ക് യാത്രയായി. സ്ക്കൂള് ഇന്ന് തുറക്കാനിരിക്കേ ഹാനിയേലിന്റെ വിയോഗം കുമ്പളങ്ങിയെ കണ്ണീരിലാഴ്ത്തി.
സ്കൂള്‍ തുറക്കുന്ന ദിവസം പുതിയ ഉടുപ്പും ബാഗുമായി സ്കൂളില്‍ പോകുന്ന കാര്യമാണ് ഹാനിയേലിന് പറയാനുണ്ടായിരുന്നത്. ദിവസങ്ങള്‍ക്കു മുന്‍പേ തന്നെ ഹാനിയേലിന് ഇഷ്ടമുള്ള ബാഗും കുടയും ഡിഫിന് ബോക്സുമെല്ലാം പിതാവ് ജോസ്ലിന് വാങ്ങി നല്‍കിയിരുന്നു.
മകന്റെ പുതിയ അധ്യയന വര്ഷാരംഭത്തിനായി കാത്തിരുന്ന ജോസ്ലിന് പക്ഷെ ഹാനിയേലിന്റെ മരണം വലിയ വേദനയാണ് നല്‍കിയത്.
കഴിഞ്ഞ തിങ്കളാഴ്ച പിതാവിനൊപ്പം കുടിവെള്ളം ശേഖരിക്കാന്‍ പോകവേ ഹാനിയേലിന്റെ കാലില്‍ എന്തോ കുത്തുകയായിരുന്നു.
വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആശുപത്രിയില്‍ ചികില്സയിലിരിക്കുമ്പോഴും മകന് ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ജോസ്ലിന്. നെഹലു റോസാണ് സഹോദരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."