മരണത്തില്‍ മുന്നില്‍ ഇറ്റലി; രോഗശയ്യയില്‍ അമേരിക്ക
വാഷിങ്ടണ്‍: ലോകത്തെ പിടിച്ചുകുലുക്കി കൊവിഡ് മഹാമാരി അനിയന്ത്രിതമായി തുടരുന്നു. ഓരോ ദിവസവും കൂടുതല്‍ മരണങ്ങളും രോഗബാധയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതോടെ ലോകരാജ്യങ്ങളെല്ലാം പ്രതിരോധത്തിലാണ്. ചൈനയെ പിന്തള്ളി നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലേറെ പേരാണ് അമേരിക്കയില്‍ വിവിധ സ്റ്റേറ്റുകളിലായി വൈറസ് ബാധയേറ്റ് ചികിത്സയിലുള്ളത്. രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയുമാണ്. മരണസംഖ്യയില്‍ ഇറ്റലിയാണ് മുന്നിലുള്ളത്. കഴിഞ്ഞ ദിവസം 919 മരണങ്ങള്‍കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇറ്റലിയില്‍ മരണസംഖ്യ 9,134 ആയിട്ടുണ്ട്. ദ്രുതഗതിയില്‍ ഇതു പതിനായിരത്തോട് അടുക്കുകയാണ്. അമേരിക്കയില്‍ മരണസംഖ്യ 1,800 കടന്നിട്ടുണ്ട്. ലോകത്താകെ ആറു ലക്ഷത്തിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ മരണസംഖ്യ 27,000 കടന്നിട്ടുണ്ട്. 1,31,000 പേര്‍ രോഗവിമുക്തരായിട്ടുമുണ്ട്.
സ്‌പെയിനിലും വളരെ വേഗത്തിലാണ് വൈറസ് പടര്‍ന്നുപിടിക്കുന്നത്. ഇവിടെ കഴിഞ്ഞ ദിവസം മാത്രം 832 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സ്‌പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,690 ആയി. സ്‌പെയിനില്‍ രോഗബാധിതരുടെ എണ്ണം മുക്കാല്‍ ലക്ഷത്തോളമായിട്ടുണ്ട്. ഇന്നലെ മാത്രം പതിമൂവായിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സ്‌പെയിനില്‍ ഒന്‍പതിനായിരത്തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ മരണസംഖ്യ 2,517 ആയി. ഇന്നലെ മാത്രം 139 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 3,076 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 35,408 ആയി. ഇതില്‍ 11,679 പേര്‍ രോഗവിമുക്തരായിട്ടുണ്ട്ഫിലിപ്പൈന്‍സില്‍ ഇന്നലെ 14 പേര്‍ക്കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 68 ആയി. 1,075 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മലേഷ്യയില്‍ ഇന്നലെ 159 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,320 ആയി. 27 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
ജര്‍മനിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേറെയായി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ മാത്രം ഏഴായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 325 പേരാണ് ഇതുവരെ ജര്‍മനിയില്‍ രോഗം ബാധിച്ച് മരിച്ചത്. മരണസംഖ്യ 14ഉം രോഗികളുടെ എണ്ണം നാലായിരത്തോളവുമായി ഉയര്‍ന്നതോടെ കര്‍ശന നിയന്ത്രണങ്ങളുമായി ആസ്‌ത്രേലിയയും രംഗത്തെത്തിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിടുന്നതടക്കമുള്ള നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഘാനയും രണ്ടു പ്രധാന ടൗണുകള്‍ അടച്ചിട്ടിരിക്കുകയാണ്. തുര്‍ക്കിയിലും സഞ്ചാരനിയന്ത്രണമടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, തായ്‌ലന്‍ഡില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. 1,245 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജപ്പാനിലും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ രോഗബാധിതരുടെ എണ്ണം 9,478 ആയി. 139 പേരാണ് ഇവിടെ മരിച്ചിരിക്കുന്നത്. മെക്‌സിക്കോയില്‍ 717 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 12 പേരാണ് മരിച്ചത്. അതേസമയം, ഐക്യരാഷ്ട്രസഭയുടെ 86 ജീവനക്കാര്‍ക്ക് വിവിധ രാജ്യങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.അതേ സമയം,രാജ്യത്ത് കൊവിഡ് അനിയന്ത്രിതമായി പടരുന്നതിനിടെ മോട്ടോര്‍ വാഹന നിര്‍മാണത്തിലെ ഭീമന്‍ കമ്പനിയായ ജനറല്‍ മോട്ടോഴ്‌സിനടക്കം പണികൊടുത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമയം കളയാനില്ലെന്നും ഇത്തരം കമ്പനികള്‍ വെന്റിലേറ്ററുകള്‍ നിര്‍മിച്ചുനല്‍കണമെന്നുമാണ് പ്രസിഡന്റിന്റെ പ്രത്യേക അധികാരമുപയോഗിച്ച് ട്രംപ് ഉത്തരവിട്ടിരിക്കുന്നത്.ജനറല്‍ മോട്ടോഴ്‌സ് സമയം കളയുകയാണെന്ന് ട്രംപ് ആരോപിക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കമ്പനികളോട് സാധിക്കുമെങ്കില്‍ ഇത്തരം ഉപകരണങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ ട്രംപ് നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിനു ശേഷവും പ്ലാന്റ് അടച്ചിട്ടതിനെ തുടര്‍ന്നാണ് നേരിട്ട് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."