ലോക്ക്ഡൗണ്‍ ലംഘിച്ചവരെ ഏത്തമിടീപ്പിച്ച് യതീഷ് ചന്ദ്ര
കണ്ണൂര്‍: ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ പരസ്യമായി ഏത്തമിടീപ്പിച്ച് ജില്ലാ പൊലിസ് മേധാവി യതീഷ് ചന്ദ്ര. ഇന്നലെ ഉച്ചയ്ക്ക് വളപട്ടണം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ അഴീക്കലിലായിരുന്നു സംഭവം. റോഡിലിറങ്ങുന്നവരെ വിലക്കാന്‍ സ്‌ക്വാഡ് അംഗങ്ങള്‍ക്കൊപ്പം പട്രോളിങ്ങിനിറങ്ങിയതായിരുന്നു എസ്.പി.
പട്രോളിങ്ങിനിടെ അഴീക്കലില്‍ കടയില്‍ ഇരിക്കുകയായിരുന്ന മൂന്നുപേരെ കണ്ടപ്പോള്‍ വാഹനം നിര്‍ത്തി. എന്തിനാണു വീടിനു പുറത്തിറങ്ങിയതെന്നു ചോദിച്ചപ്പോള്‍ കൃത്യമായ മറുപടിയില്ലാത്തതിനാലാണ് ഏത്തമിടീപ്പിച്ചത്. എസ്.പി പത്തുമിനിറ്റോളം ഏത്തമിടീക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഇതില്‍ ഒരാള്‍ക്ക് 60 വയസോളം പ്രായമുണ്ട്.
എസ്.പിക്കൊപ്പമുള്ള സ്‌ക്വാഡ് അംഗങ്ങളാണു ദൃശ്യം പകര്‍ത്തിയത്. പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നാട്ടുകാരും പത്രങ്ങളും പറഞ്ഞിട്ടും എന്തുകൊണ്ട് മനസിലായില്ലെന്ന് ഏത്തമിടുന്നവരോട് എസ്.പി ചോദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
ഏത്തമിടീപ്പിക്കരുതെന്ന് സമീപത്തുണ്ടായിരുന്ന സ്ത്രീ പറഞ്ഞപ്പോള്‍ 'ചേച്ചി വക്കാലത്ത് പറയേണ്ട, പ്ലീസ്, മിണ്ടാതിരിക്ക്' എന്ന് എസ്.പി പറയുന്നതും ദൃശ്യത്തിലുണ്ട്. മുട്ടുമടങ്ങി നന്നായി ഏത്തമിടൂവെന്ന് എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളും ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ കണ്ണൂര്‍ നഗരത്തില്‍ എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലിസ് വാഹനങ്ങള്‍ തടഞ്ഞിരുന്നു. പിന്നാലെ ജില്ലയിലാകെ പൊലിസ് പരിശോധന കര്‍ശനമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."