ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കൊവിഡ് വൈറസിന്റെ ചിത്രം പുറത്തുവിട്ടു
മലപ്പുറം: ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ്-19 വൈറസിന്റെ ആദ്യ ചിത്രം പുറത്ത്. പൂനെയിലെ ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷക സംഘവും(ഐ.സി.എം.ആര്) ഇന്ത്യന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് ചിത്രം ശേഖരിച്ചത്. ട്രാന്സ്മിഷന് ഇലക്ട്രോണ്‍ മൈക്രോസ്കോപ് ഉപയോഗിച്ച് പകര്‍ത്തിയ ചിത്രം ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മാഗസിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.
ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ വുഹാന്‍ മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥിനിക്ക് ആയിരുന്നു ഇത്. ഈ വിദ്യാര്‍ഥിനിയുടെ തൊണ്ടയില്‍ നിന്ന് സ്രവമെടുത്ത് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വിദഗ്ധ പരിശോധനയ്ക്കയച്ചിരുന്നു. ഈ പരിശോധനയില്‍ കണ്ടെത്തിയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പൂനെയില്‍ നടത്തിയ പഠനത്തില്‍ കേരളത്തില്‍ നിന്നുള്ള സാംപിളുകളുടെ ജീന്‍ വുഹാനിലെ വൈറസുമായി 99.98ശതമാനം സാമ്യതയുള്ളതായി കണ്ടെത്തിയിരുന്നു. കൊറോണ വൈറസ് കുടുംബത്തില്‍ സാധാരണ കണ്ടുവരാറുള്ള വൃത്താകൃതിയില്‍ അവസാനിക്കുന്ന തണ്ടുകളുടെ രൂപം മലയാളി വിദ്യാര്‍ഥിനിയില്‍ നിന്നെടുത്ത സ്രവത്തില്‍ കണ്ടെത്തിയ ചിത്രത്തിലും ഉണ്ട്.
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയരക്ടറും ഇലക്ട്രോണ്‍ മൈക്രോസ്കോപ്പി, പാത്തോളജി മേധാവിയുമായ അത്തനു ബസുവിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടന്നതെന്ന് മെഡിക്കല്‍ ജേണല്‍ പറയുന്നു. ട്രാന്സ്മിഷന് ഇലക്ട്രോണ്‍ മൈക്രോസ്കോപ്പി ഇമേജിങ് ഓഫ് സാര്‍സ്-കോവി -2 എന്ന പേരിലാണ് ഗവേഷണ പഠനം പ്രസിദ്ധീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."