പ്രളയം നീന്തിക്കയറിയ ക്ഷീരമേഖലയെ കൊവിഡ് 'മുക്കിക്കൊല്ലുന്നു'
മലപ്പുറം: പ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറി വരുന്നതിനിടെ കൊവിഡില്‍ തകര്‍ന്ന് സംസ്ഥാനത്തെ ക്ഷീരമേഖല. സംസ്ഥാനത്തെ ഭൂരിഭാഗം കര്‍ഷകരും കന്നുകാലി വളര്‍ത്തല്‍ ഒരു ഉപതൊഴിലായായി സ്വീകരിച്ചവരാണ്. എന്നാല്‍ കൊവിഡ് കാരണം ഇതില്‍ നിന്നുള്ള വരുമാനം പാടെ നിലച്ചിരിക്കുകയാണ്. കൊവിഡും തുടര്‍ന്ന് വന്ന ലോക്ക് ഡൗണും കാരണം പാല്‍ വാങ്ങാന്‍ ആളില്ലാതായതാണ് പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിച്ചത്.
മിക്ക കര്‍ഷകരും വീടുകളില്‍ മറ്റും നല്‍കിയശേഷം മിച്ചം വരുന്ന പാല്‍ ഹോട്ടലുകളിലുംചായക്കടകളിലുമാണ് വില്‍പന നടത്തിയിരുന്നത്. നിരോധനാജ്ഞയും ലോക്ക്ഡൗണും കാരണം ഇവ അടച്ചതോടെ പാല്‍ വിപണനവും പ്രതിസന്ധിയിലായി. വില്‍പനയില്‍ വന്ന ഇടിവ് കാരണം മില്‍മയും പാല്‍ സംഭരണം കുറച്ചിട്ടുണ്ട്. അഞ്ച് ലക്ഷം ലിറ്റര്‍ പാല്‍ വിറ്റിരുന്ന മില്‍മ ഇപ്പോള്‍ ഒരു ലക്ഷം ലിറ്റര്‍ മാത്രമാണ് വില്‍പന നടത്തുന്നത്. കടുത്ത വേനലായതിനാല്‍ പച്ചപ്പുല്‍ ലഭ്യതയും തീരെയില്ല.തീറ്റയ്ക്കായി വൈക്കോലും കാലിത്തീറ്റയും ആണ് ആശ്രയം. ഇവയുടെ ചരക്ക് നീക്കം തടയരുതെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളിലുള്ള നിയന്ത്രണങ്ങള്‍ കാരണം വരവ് ഗണ്യമായി കുറഞ്ഞതായി കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതോടെ വൈക്കോലിനുള്‍പ്പെടെ വില വര്‍ധിച്ചിട്ടുണ്ട്. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ കാലിച്ചന്തകള്‍ പൂട്ടിയതോടെ കന്നുകാലികളെ വില്‍ക്കാനും കഴിയാതെയായി.ക്ഷീരകര്‍ഷകര്‍ക്ക് ലഭിച്ച് കൊണ്ടിരുന്ന പെന്‍ഷനും മാസങ്ങളായി കുടിശ്ശികയാണ്. രണ്ട് മാസത്തെ കുടിശ്ശികയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. മുഴുവന്‍ കുടിശ്ശികയും വിതരണം ചെയ്താലെ കാലിത്തീറ്റ വാങ്ങാനെങ്കിലും പണമുണ്ടാകൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."