ഇറ്റലി വീണിടത്തുതന്നെ സ്‌പെയിനും അമേരിക്കയും കടുത്ത പ്രതിസന്ധിയില്‍
വാഷിങ്ടണ്‍: ലോകത്തെയാകെ ബാധിച്ച കൊവിഡ് മഹാമാരിയില്‍ അതീവ പ്രതിസന്ധിയിലായ ഇറ്റലി കരകയറാനാകാതെ വിഷമിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം നിരവധി മരണങ്ങള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇറ്റലിയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം പതിനായിരവും പിന്നിട്ടു. കഴിഞ്ഞ ദിവസം മാത്രം തൊള്ളായിരത്തോളം പേര്‍ ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ അന്‍പതിലേറെ ഡോക്ടര്‍മാരും നിരവധി ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുകയാണ്. മരണസംഖ്യയില്‍ ലോകത്ത് ഒന്നാം സ്ഥാനത്തും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയ്ക്കു തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തുമാണ് ഇറ്റലി.
അതേസമയം, ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തിരണ്ടായിരം പിന്നിട്ടിട്ടുണ്ട്. 6.85 ലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 1.45 ലക്ഷത്തോളം പേര്‍ രോഗവിമുക്തരായിട്ടുണ്ട്.
അതിനിടെ, അമേരിക്കയിലും രോഗികളുടെയും മരിച്ചവരുടെയും എണ്ണം കൂടുകയാണ്. രണ്ടായിരത്തിലേറെ പേരാണ് അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 1.25 ലക്ഷത്തോളം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. ന്യൂയോര്‍ക്ക് നഗരം മൊത്തത്തില്‍ അടച്ചിടാന്‍ ഇന്നലെ പ്രസിഡന്റ് ട്രംപ് നിര്‍ദേശം നല്‍കിയെങ്കിലും പിന്നീട് ഇത് കടുത്ത യാത്രാനിയന്ത്രണമാക്കി ചുരുക്കി. അതേസമയം, അമേരിക്കയിലെ ഇല്ലിനോയ്‌സില്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ഒരു വയസിനു താഴെ പ്രായമുള്ള കുട്ടിയും മരിച്ചിട്ടുണ്ട്. ഇത് അപൂര്‍വ സംഭവമാണെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.
രോഗം ബാധിച്ച് സ്‌പെയിനില്‍ കഴിഞ്ഞ ദിവസം മാത്രം മരിച്ചത് 838 പേരാണ്. ഇതോടെ രാജ്യത്ത് മരണസംഖ്യ 6,528 ആയി. മരണസംഖ്യയില്‍ ലോകത്ത് മൂന്നാം സ്ഥാനത്തു നില്‍ക്കുന്നതു സ്‌പെയിനാണ്. എണ്‍പതിനായിരത്തിലേറെ പേര്‍ക്കാണ് സ്‌പെയിനില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏഷ്യയില്‍ ഇന്നലെ 150 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗികളുടെ എണ്ണം 2,470 ആയി. 34 പേരാണ് മരിച്ചത്. ഇന്തോനേഷ്യയില്‍ ഇന്നലെ 130 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 1,285 ആയി. 144 പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്.
ബ്രിട്ടനില്‍ ചാള്‍സ് രാജകുമാരനും പ്രധാനമന്ത്രിക്കും രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ, രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം പിന്നിട്ടു. ഇതോടെ, രാജ്യത്തു കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. ജര്‍മനിയില്‍ മരണസംഖ്യ 389 ആയിട്ടുണ്ട്. ഇവിടെ അന്‍പത്തി അയ്യായിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം നാലായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജപ്പാനില്‍ കഴിഞ്ഞ ദിവസം 68 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തായ്‌ലന്‍ഡിലും പുതുതായി 143 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ 1,338 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴുപേര്‍ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ വിവിധ അഭയാര്‍ഥി ക്യാംപുകളിലും കൊവിഡ് ബാധയുണ്ടെന്ന സംശയമുയര്‍ന്നിട്ടുണ്ട്. ഇതു സ്ഥിരീകരിക്കപ്പെട്ടാല്‍ വലിയ ദുരന്തമാകും നേരിടേണ്ടിവരിക.
അതിനിടെ ന്യൂസിലന്‍ഡില്‍ ഇന്നലെ കൊവിഡ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. 70കാരിയാണ് മരിച്ചത്. ഇവിടെ 476 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ നൂറിലേറെ പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരത്തോട് അടുത്തു. 152 പേര്‍ മരിച്ചിട്ടുണ്ട്.
ജര്‍മനിയില്‍ മന്ത്രി ആത്മഹത്യ ചെയ്തു
ഫ്രാങ്ക്ഫര്‍ട്ട്: കൊവിഡ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പിന്നോട്ടുപോകുന്നതില്‍ മനംനൊന്ത് ജര്‍മനിയിലെ ഹെസ്സെ സംസ്ഥാനത്തെ ധനകാര്യ മന്ത്രി ആത്മഹത്യ ചെയ്തു. 54കാരനായ തോമസ് ഷഫറാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്വന്തം ഓഫിസിനു സമീപത്തെ റെയില്‍വേ ട്രാക്കിനു സമീപത്താണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പത്തു വര്‍ഷമായി ഇദ്ദേഹമായിരുന്നു സംസ്ഥാനത്തെ ധനകാര്യ മന്ത്രി.
വീണ്ടും വരുമോ? ചൈനയ്ക്ക് ഭയം
ബെയ്ജിങ്: കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പിന്നീട് പതുക്കെ കരകയറുകയും ചെയ്ത ചൈന വീണ്ടും സമ്മര്‍ദത്തില്‍. പുതിയ ആഭ്യന്തര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു കുറവാണെങ്കിലും വിദേശത്തുനിന്നെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതാണ് ചൈനയെ ഭയപ്പെടുത്തുന്നത്. ഇതു രാജ്യത്തു കൊവിഡിന്റെ രണ്ടാം വരവിന് അവസരമൊരുക്കുമോയെന്നതാണ് ചൈനയുടെ ഭയം.കഴിഞ്ഞ ദിവസങ്ങളില്‍ വിദേശത്തുനിന്നെത്തിയ 693 പേര്‍ക്കാണ് ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."