പൊലിസ് ഉദ്യോഗസ്ഥന് സര്‍ക്കാര്‍ ഭൂമി കൈയേറിയതായി ആരോപണം
മൂന്നാര്‍: മൂന്നാറില്‍ രാഷ്ട്രീയ, റിസോര്‍ട്ട് മാഫിയക്കൊപ്പം പൊലിസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഭൂമി കയ്യേറി. മൂന്നാര്‍ ടൗണിലും, ദേവികുളത്തും പൊലിസ് ഉദ്യോഗസ്ഥന് ഭൂമി വളച്ചുക്കെട്ടിയെന്നാണ് ആരോപണം. സര്‍വീസില്‍ തുടരുന്ന ഉദ്യോഗസ്ഥന് മൂന്നാര്‍ നഗരത്തിലെ ലോഡ്ജിന്റെ ഉടമസ്ഥരില്‍ ഒരാളായിരുന്നു. അടിമാലി സ്വദേശിയായ എ.എസ്.ഐയാണ് കയ്യേറ്റക്കാരന്. ഒന്നര പതിറ്റാണ്ടിലേറെ മൂന്നാര്‍, ദേവികുളം, മറയൂര്‍ സ്റ്റേഷനുകളില്‍ ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥനാണിത്.
കയ്യേറ്റക്കാരുടെ പട്ടികയിലുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനാണിത്. എസ്.രാജേന്ദ്രന് എം.എല്‍.എ ഉള്‍പ്പെടെ താമസിക്കുന്ന ഇക്കാ നഗറില്‍ എട്ട് സെന്റ് ഭൂമിയാണ് ഉദ്യോഗസ്ഥന് വളച്ചുകെട്ടിയത്. ബിനാമിയായ പ്രദേശവാസിയെ ഇവിടെ താത്കാലിക ഷെഡ്കെട്ടി താമസിപ്പിച്ചു. ഇതുള്‍പ്പെടെ പൊളിച്ചു നീക്കാന്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോളാണ് എം.എല്‍.എയുടെ ഭാര്യ എതിര്‍ത്തത്.
ദേവികുളം ആര്.ഡി.ഒ ഓഫിസിന് സമീപമാണ് പൊലിസ് ഉദ്യോഗസ്ഥന് സ്വന്തമാക്കിയ രണ്ടാമത്തെ ഭൂമി. കച്ചേരി സെറ്റില്‍മെന്റ് എന്നറിയപ്പെടുന്ന സ്ഥലത്ത് പത്ത് സെന്റാണ് സ്വന്തമാക്കിയത്. ഭൂമി, സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി നീക്കിവച്ചതാണ്. ഈ സ്ഥലത്തിന് കോവിലൂര്‍ സ്വദേശിയുടെ പേരില്‍ പട്ടയവും തരപ്പെടുത്തി.
കോണ്‍ക്രീറ്റ് കെട്ടിടത്തിന് പുറമെ കിണറും കുഴിച്ച് ഭൂമി വേലിക്കെട്ടി തിരിച്ചു. മൂന്നാര്‍ ടൗണിലെ മൂന്നുനില ലോഡ്ജിന്റെ മൂന്ന് പങ്കാളികളില്‍ ഒരാളായിരുന്നു ഈ ഉദ്യോഗസ്ഥന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."