കൃഷി ഓഫിസര്‍ക്കുനേരെ വധശ്രമം
തളിപ്പറമ്പ്: കരിമ്പം ജില്ലാ കൃഷിഫാമില്‍ കൃഷി ഓഫിസര്‍ക്കുനേരെ വധശ്രമം. മുഖംമൂടി അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ കൊല്ലം സ്വദേശി വി.ജി ഹരീന്ദ്രനെ(45) കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
ഫാമില്‍ ടിഷ്യുകള്‍ച്ചര്‍ വാഴകള്‍ ഉള്‍പ്പാദിപ്പിക്കുന്ന ലാബിന്റെ ചുമതല വഹിക്കുന്ന ഹരീന്ദ്രന്‍ കഴിഞ്ഞ നാലു വര്‍ഷമായി കാരത്തുംപാറയിലെ ലാബിന് സമീപത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയാണ്. ബുധനാഴ്ച രാത്രി തളിപ്പറമ്പ് ടൗണില്‍ നിന്നു സാധനങ്ങള്‍ വാങ്ങി ഇ.ടി.സിക്ക് സമീപത്തെ സ്‌റ്റോപ്പില്‍ ബസിറങ്ങി കാരത്തുംപാറയിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് നടന്നുപോകവെ ക്വാര്‍ട്ടേഴ്‌സിന് സമീപം ഒളിഞ്ഞുനിന്ന മുഖംമൂടി സംഘം മാരകായുധങ്ങളുമായി വളഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. അടിയേറ്റ് അബോധാവസ്ഥയില്‍ വഴിയില്‍ കിടന്ന ഹരീന്ദ്രന്‍ ബോധം വന്നപ്പോള്‍ എഴുന്നേറ്റ് മറ്റു ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലെത്തി വിവരമറിയിക്കുകയായിരുന്നു. ഉടനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ച ഹരീന്ദ്രനെ പരുക്ക് ഗുരുതരമായതിനാല്‍ എ.കെ.ജിയിലേക്ക് മാറ്റുകയായിരുന്നു.
തളിപ്പറമ്പ് പൊലിസ് കേസെടുത്തു. കര്‍ശനമായ കാവലുള്ള ഫാമിനകത്ത് അക്രമം നടന്നതില്‍ ദുരൂഹതയുണ്ട്. ഹരീന്ദ്രനോടുള്ള വ്യക്തി വൈരാഗ്യമാണോ അക്രമത്തിനു പിന്നിലെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."