ലാഭം വകമാറ്റി വന്‍കിടക്കാരെ രക്ഷിക്കാന്‍ എസ്.ബി.ഐ: സാധാരണ ഇടപാടുകള്‍ക്ക് നാളെമുതല്‍ പിഴയും സര്‍വിസ് ചാര്‍ജും
മലപ്പുറം: വന്‍കിട കോര്‍പറേറ്റുകളുടെ കടം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കുണ്ടാക്കിയ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഇത്തവണയും ലാഭത്തിന്റെ പകുതിയും കിട്ടാക്കടത്തിലേക്ക് വകമാറ്റി. പകരം പണം കണ്ടെത്താന്‍ സാധാരണ ഇടപാടുകള്‍ക്ക് നാളെ മുതല്‍ പിഴയും സര്‍വിസ് ചാര്‍ജും ഈടാക്കും.
എസ്.ബി.ഐയുടെ സേവിങ്‌സ് അക്കൗണ്ടുകളില്‍ വേണ്ടത്ര ബാലന്‍സില്ലാത്ത ഇടപാടുകാര്‍ക്കാണ് പിഴയും സര്‍വിസ് ചാര്‍ജും വരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10,000 കോടി രൂപയാണ് ബാങ്കിന്റെ പ്രവര്‍ത്തന ലാഭം. ഇതില്‍ 5458 കോടിയാണ് കിട്ടാക്കടത്തിലേക്ക് വകമാറ്റിയത്. ഇതോടെ ബാങ്കിന്റെ ലാഭം ഈ സാമ്പത്തികവര്‍ഷം 4542 കോടിയായി കുറഞ്ഞു.
കഴിഞ്ഞ എട്ടുവര്‍ഷത്തില്‍ ഏറ്റവും കുറവ് ലാഭം രേഖപ്പെടുത്തിയതും 2016-17 സാമ്പത്തിക വര്‍ഷമാണ്. ഇത് പരിഹരിക്കാനാണ് ബാങ്ക് പുതിയ തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ എട്ടു വര്‍ഷവും ഇതേരീതി തന്നെയാണ് ബാങ്ക് പിന്തുടരുന്നതെങ്കിലും ഈ വര്‍ഷം മുതലാണ് ഇടപാടുകാര്‍ക്കുമേല്‍ ഭാരം ചുമത്തുന്നത്.
അതേസമയം, 2007-08 മുതല്‍ ഈ സാമ്പത്തിക വര്‍ഷംവരെ എസ്.ബി.ഐ 130,731 കോടിയാണ് കിട്ടാക്കടത്തിലേക്ക് വകമാറ്റിയത്. 2007-08ല്‍ 6729 കോടിയും 2008-09ല്‍ 9121 കോടിയും 2009-10ല്‍ 9166 കോടിയും 2010-11ല്‍ 8264 കോടിയും 2011-12ല്‍ 11866 കോടിയും 2012-13ല്‍ 14105 കോടിയും 2013-14ല്‍ 10884 കോടിയും 2014-15 ല്‍ 13102 കോടിയും ലാഭമാണ് ബാങ്കിനുണ്ടായത്.
സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ ഗ്രാമങ്ങളില്‍ ആയിരം രൂപയും ഇടത്തരം നഗരങ്ങളില്‍ രണ്ടായിരം രൂപയും നഗരങ്ങളില്‍ മൂവായിരം രൂപയും വന്‍കിട നഗരങ്ങളില്‍ അയ്യായിരം രൂപയും ബാലന്‍സില്ലാത്ത ഇടപാടുകാരാണ് നാളെ മുതല്‍ പിഴ നല്‍കേണ്ടിവരിക.
നൂറ് രൂപവരെ പിഴയും അതിന്റെ സേവന നികുതിയും ചുമത്താനാണ് ബാങ്കിന്റെ തീരുമാനം. ഇതിന് പുറമേ നാലുതവണയില്‍ കൂടുതല്‍ തുക പിന്‍വലിച്ചാലും മൂന്ന് തവണയില്‍കൂടുതല്‍ നിക്ഷേപം നടത്തിയാലും അധിക സര്‍വിസ് ചാര്‍ജ് നല്‍കണം. അതായത് നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാലും പിന്‍വലിച്ചാലും ഇടപാടുകാര്‍ പണം നല്‍കേണ്ടിവരും.
മറ്റ് ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അധികമായാലും സര്‍വിസ് ചാര്‍ജ് നല്‍കേണ്ടിവരും. ഇത് ബാങ്കിങ് സേവനത്തില്‍നിന്ന് സാധാരണക്കാരെ അകറ്റാന്‍ ഇടയാക്കുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.
പ്രശ്‌നത്തില്‍ ഇടപാടുകാരിലും പ്രതിഷേധം ശക്തമാണ്. ഇതിന്റെ ഭാഗമായി ഏപ്രില്‍ ആറിന് ഇടപാട് രഹിത ദിനമായി ആചരിക്കാനാണ് ഇടപാടുകാരുടെ തീരുമാനം. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 12ന് പ്രതിഷേധ ദിനാചരണം നടത്താന്‍ ബാങ്ക് ജീവനക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."