കെട്ടിടങ്ങളുടെ ആഡംബര നികുതി പിരിവില്‍ വീഴ്ച വ്യാപകം
തിരുവനന്തപുരം: കെട്ടിട നികുതി നിയമപ്രകാരം വലിയ കെട്ടിടങ്ങള്‍ക്കുളള ആഡംബര നികുതി പിരിച്ചെടുക്കുന്നതിലുള്ള വീഴ്ച സംസ്ഥാനത്ത് വ്യാപകം. നികുതി ചുമത്താന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അതു ചുമത്താതിരിക്കുകയും ഇതു സംബന്ധിച്ച രേഖകള്‍ യഥാസമയം പരിശോധിക്കാതിരിക്കുകയും ചെയ്യുന്നതിനാല്‍ ഈ ഇനത്തില്‍ പൊതുഖജനാവില്‍ എത്തിച്ചേരേണ്ട തുക വന്‍തോതില്‍ നഷ്ടമാകുകയാണ്.
സംസ്ഥാനത്തെ 24 താലൂക്ക് ഓഫിസുകളില്‍ സൂക്ഷിച്ച ഫയലുകളില്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നടത്തിയ പരിശോധനയില്‍ ആഡംബര നികുതി പിരിവില്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. 1999- 2000 സാമ്പത്തിക വര്‍ഷം മുതല്‍ 2015- 16 വരെയുള്ള കാലയളവില്‍ 3,857 കേസുകളില്‍ നികുതിദായകര്‍ ആഡംബര നികുതി പൂര്‍ണമായി നല്‍കാതിരിക്കുകയോ ഭാഗികമായി നല്‍കുകയോ ചെയ്തതായാണ് കണ്ടെത്തിയിട്ടുള്ളത്.
നികുതി നല്‍കുന്നത് നിരീക്ഷിച്ച് ഉറപ്പുവരുത്തുന്നതിനായി സൂക്ഷിക്കുന്ന രജിസ്റ്റര്‍ നികുതി നിര്‍ണയാധികാരമുള്ള അധികൃതര്‍ വേണ്ട രീതിയില്‍ പരിശോധിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ആഡംബര നികുതി ചുമത്താതിരുന്ന കേസുകള്‍ ഏറ്റവും അധികമുള്ളത് കണ്ണൂര്‍ താലൂക്ക് ഓഫിസിലാണ്. നിയമാനുസൃതം ചുമത്തേണ്ട തുകയില്‍ കുറവായി ചുമത്തിയ കേസുകള്‍ ഏറ്റവുമധികമുള്ളത് നിലമ്പൂര്‍ താലൂക്ക് ഓഫിസിലും.
ആഡംബര നികുതി നിര്‍ണയത്തില്‍ വിട്ടുപോയ കെട്ടിടങ്ങള്‍ വേണമെങ്കില്‍ തിരിച്ചറിയാവുന്നതാണ്. നിര്‍മാണം പൂര്‍ത്തിയായ കെട്ടിടങ്ങളുടെ വിശദവിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് സംഘടിപ്പിച്ച് താലൂക്ക് ഓഫീസുകളിലെ രേഖകളുമായി ഒത്തുനോക്കിയാല്‍ മതിയാകും. എന്നാല്‍ അത്തരമൊരു പരിശോധന കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍.
ഇക്കാര്യം പതിവായി സി.എ.ജി ചൂണ്ടിക്കാട്ടാറുണ്ടെങ്കിലും ഇത്തരം കേസുകള്‍ കണ്ടുപിടിക്കുന്നതിനും ഈടാക്കാതെ പോയ നികുതിത്തുക ഈടാക്കുന്നതിനുമുള്ള സംവിധാനം ഉണ്ടാവാറില്ല.
കേരള കെട്ടിട നികുതി നിയമമനുസരിച്ച് 1999 ഏപ്രില്‍ ഒന്നിനോ അതിനു ശേഷമോ പൂര്‍ത്തിയാക്കപ്പെട്ട 278.7 ചതുരശ്ര മീറ്ററോ അതിലധികമോ തറവിസ്തീര്‍ണമുള്ള എല്ലാ നിവാസ കെട്ടിടങ്ങള്‍ക്കും 2,000 രൂപ വാര്‍ഷിക നിരക്കില്‍ ആഡംബര നികുതി ചുമത്തണമെന്ന് വ്യവസ്ഥയുണ്ട്. ഈ നികുതി നിരക്ക് 2014 ഏപ്രില്‍ ഒന്നു മുതല്‍ 4,000 രൂപയായി പരിഷ്‌കരിച്ചിട്ടുമുണ്ട്.
എല്ലാ വര്‍ഷവും മാര്‍ച്ച് 31നോ അതിനു മുമ്പോ മുന്‍കൂറായാണ് ആഡംബര നികുതി നല്‍കേണ്ടത്. ഇതില്‍ വീഴ്ച വരുത്തുന്ന പക്ഷം ഭൂനികുതി കുടിശ്ശിക വസൂലാക്കുന്നതിനുള്ള നിയമമനുസരിച്ചു നികുതിത്തുക വസൂലാക്കാനും നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ ദിവസം മുതല്‍ ഒരു വര്‍ഷത്തേക്ക് നികുതിത്തുകയുടെ ആറു ശതമാനം നിരക്കില്‍ പലിശ ഈടാക്കാനും വ്യവസ്ഥയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."