നിപാ; ഹോമിയോ ആശുപത്രി വക വ്യാജമരുന്ന്
മുക്കം: നിപായെ പ്രതിരോധിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി വക വ്യാജമരുന്ന് വിതരണം. മുക്കം നഗരസഭയിലെ മണാശ്ശേരി സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയാണ് നിപാ വൈറസിനെ പ്രതിരോധിക്കുന്നതെന്ന് അവകാശവാദവുമായി ഹോമിയോ മരുന്ന് വിതരണം നടത്തിയത്. മണാശ്ശേരി ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നിപാ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നതായി കാണിച്ച് നോട്ടിസും പതിച്ചിട്ടുണ്ട്. ഇങ്ങനെ നല്‍കിയ മരുന്ന് കഴിച്ച ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തലവേദന, തലകറക്കം, ശരീരവേദന എന്നിവയാണ് അനുഭവപ്പെട്ടത്.
നിപാ പകരുന്നത് വവ്വാലുകളില്‍ നിന്നാണെന്ന് പ്രചാരണം വന്നതോടെ ജനങ്ങള്‍ വലിയ ആശങ്കയിലായിരുന്നു. പ്രദേശത്ത് വ്യാപകമായ തോതില്‍ വവ്വാലുകള്‍ കാണപ്പെടുന്നതിനാല്‍ പലരും ഡിസ്‌പെന്‍സറിയില്‍ എത്തി 'പ്രതിരോധ മരുന്ന്' വാങ്ങുക പതിവായിരുന്നു. വെള്ളിയാഴ്ച ഡിസ്പന്‍സറിയില്‍ ഡോക്ടര്‍മാരില്ലാത്ത സമയത്ത് ഇവിടുത്തെ ജീവനക്കാരാണ് മരുന്ന് നല്‍കിയത്. മുതിര്‍ന്നവര്‍ക്ക് നാല് ഗുളിക വീതം രണ്ട് നേരം കഴിക്കാനായിരുന്നു നിര്‍ദേശം. സംഭവം വിവാദമായതോടെ നഗരസഭ ആരോഗ്യ വിഭാഗം ഡിസ്‌പെന്‍സറിയിലെത്തി പരിശോധന നടത്തി നോട്ടിസ് അഴിച്ചുമാറ്റി.
അതേസമയം പ്രതിരോധ മരുന്ന് നല്‍കണമെന്നതിനെ സംബന്ധിച്ച് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. കവിത പുരുഷോത്തമന്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ മരുന്ന് വിതരണം ചെയ്തു എന്ന പേരില്‍ ഓഫിസ് അറ്റന്‍ഡറെ മാത്രമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."